‘ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ല’; സനാതനധർമ വിവാദത്തിൽ സ്മൃതി ഇറാനി
text_fieldsന്യൂഡൽഹി: ഡി.എം.കെ യുവനേതാവും മന്ത്രിയായ ഉദയനിധി സ്റ്റാലിൻ ഉൾപ്പെട്ട സനാതനധർമ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സനാതന ധർമ്മത്തെ വെല്ലുവിളിച്ചവരിലേക്ക് നമ്മുടെ ശബ്ദം എത്തണമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
ഭക്തർ ജീവിച്ചിരിക്കുന്നത് വരെ നമ്മുടെ ധർമ്മത്തെയും വിശ്വാസത്തെയും ആർക്കും വെല്ലുവിളിക്കാനാവില്ലെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ദ്വാരകയിൽ ജന്മാഷ്ടമി മഹോത്സവത്തിൽ പങ്കെടുക്കവെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.
സനാതനധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നാണ് തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. അതിനെ എതിർത്താൽ മാത്രം പോരെന്നും ഉന്മൂലനം ചെയ്യണമെന്നും സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ് സനാതനധർമ്മമെന്നും ഉദയനിധി പറഞ്ഞു.
ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ലെന്നും അതുപോലെ സനാതന ധർമ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. സനാതധധർമ്മമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇത് സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി വ്യക്തമാക്കി.
ഉദയനിധി സ്റ്റാലിന്‍റെ പ്രസ്താവനക്കെതിരെ ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തിയിരുന്നു. സനാതനധർമ്മത്തെ മലേറിയോടും ഡെങ്കിപ്പനിയോടും ഉപമിച്ച് ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞതിലൂടെ ഭാരതത്തിലെ 80 ശതമാനം ജനങ്ങളെ ഇല്ലാതാക്കണമെന്നാണ് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു.
മാളവ്യയുടെ പ്രസ്താവനക്ക് പിന്നാലെ വിശദീകരണവുമായി ഉദയനിധിയും രംഗത്തെത്തി. സനാതനധർമ്മം പിന്തുടരുന്നവരെ വംശഹത്യ നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. മതത്തിന്റേയും ജാതിയുടേയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് സനാതന ധർമ്മം ചെയ്യുന്നതെന്നാണ് പറഞ്ഞത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് വേണ്ടിയാണ് താൻ സംസാരിച്ചത്. ഇതിന്റെ പേരിൽ നിയമനടപടി നേരിടാനും മടിയില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.