അതിർത്തിയിൽ ചൈന കടന്നുകയറിയിട്ടില്ല; അവരെ പാഠം പഠിപ്പിച്ചു -പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ ചൈനയുടെ കൈയേറ്റം ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘‘ഇന്ത്യയുടെ അതിർത്തിയിലേക്ക് ആരും കടന്നിട്ടില്ല. നമ്മുടെ ഏതെങ്കിലും സൈനിക കാവൽകേന്ദ്രങ്ങൾ കൈയേറിയിട്ടുമില്ല.’’ -അതിർത്തി സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ വിളിച്ച സർവകക്ഷി വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം സംരക്ഷിക്കുന്നതിന് എന്താണോ ചെയ്യേണ്ടത്, സൈന്യം അത് ചെയ്യുന്നുണ്ട്. നടപടി, എതിർ നടപടി, സേനാവിന്യാസം എന്നീ കാര്യങ്ങളിലെല്ലാം സൈന്യം ആവശ്യമായത് ചെയ്യുന്നുണ്ട്.
Neither have they intruded into our border, nor has any post been taken over by them (China). 20 of our jawans were martyred, but those who dared Bharat Mata, they were taught a lesson: PM Narendra Modi at all-party meet pic.twitter.com/ydAOHn6eA4
— ANI (@ANI) June 19, 2020
യഥാർഥ നിയന്ത്രണ രേഖയിലും മറ്റുമായി ഇന്ത്യ പുതുതായി നിർമിച്ച അടിസ്ഥാന സൗകര്യങ്ങൾ വഴി നമ്മുടെ നിരീക്ഷണ ശേഷി വർധിച്ചിട്ടുണ്ട്. അതിർത്തി സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന് സർവകക്ഷി യോഗം ഏകകണ്ഠമായ പിന്തുണ പ്രഖ്യാപിച്ചു.
അതേസമയം, ഗൽവാനിൽ 20 ജവാന്മാർ വീരമൃത്യു വരിക്കേണ്ടി വന്ന സാഹചര്യം രൂപപ്പെട്ടതിൽ സർക്കാറിെൻറ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി. ഇൻറലിജൻസ് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. കാർഗിൽ യുദ്ധാനന്തരം അന്നത്തെ വീഴ്ചകൾ അന്വേഷിക്കാൻ വാജ്പേയി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചതിന് സമാനമായി അന്വേഷണം വേണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
അഞ്ച് എം.പിമാരെങ്കിലുമുളള 20 പാർട്ടികളുടെ അധ്യക്ഷന്മാരെയാണ് സർവകക്ഷി യോഗത്തിന് ക്ഷണിച്ചത്. വീരമൃത്യു വരിച്ച ജവാന്മാർക്ക് യോഗം ആദരമർപ്പിച്ചു. ചൈന ചെയ്തതിനോട് രാജ്യത്തിന് ഒന്നാകെ വേദനയും രോഷവുമുണ്ട്. സമാധാനവും സൗഹൃദവുമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ, രാജ്യത്തിെൻറ പരമാധികാരമാണ് ഏറ്റവും പ്രധാനം -മോദി പറഞ്ഞു.
മിന്നൽ സന്ദർശനവുമായി വ്യോമസേന മേധാവി
ഇന്ത്യ നിർണായക നീക്കങ്ങൾ ആരംഭിച്ചുവെന്ന വാർത്തകൾക്കിടെ, വ്യോമസേന മേധാവി ആർ.കെ.എസ് ബഥൂരിയ ബുധനാഴ്ച അപ്രതീക്ഷിതമായി ലേ വ്യോമതാവളത്തിൽ സന്ദർശനത്തിനെത്തി. തുടർന്ന് ശ്രീനഗർ താവളത്തിലും എത്തി. ഈ രണ്ടു താവളങ്ങളിലുമെത്തിച്ച മിറാഷ് 2000, റഷ്യൻ നിർമിത സുഖോയ് (സു-30), ജഗ്വാർ, തേജസ് വിമാനങ്ങളും പരിശോധിച്ചു. കരസേനാംഗങ്ങൾക്ക് പിന്തുണ നൽകാൻ അപ്പാച്ചെ, ചിനൂക് കോപ്ടറുകളും ഒരുക്കിയിട്ടുണ്ട്.
കരസേനയുടെ, നിയന്ത്രണ രേഖയുമായി സാമീപ്യമുള്ള മുഴുവൻ താവളങ്ങളിലും അധിക ട്രൂപ്പുകളും ആയുധങ്ങളും എത്തിയിട്ടുണ്ട്.
അതിർത്തിയിൽ സൈനിക സന്നാഹം
ചൈനയുമായി ഒരു വശത്ത് സമാധാന ശ്രമങ്ങൾ നടക്കുന്നതിനിടെ, രാജ്യത്തിെൻറ വടക്കൻ അതിർത്തിയോടു ചേർന്ന് യുദ്ധസമാന സന്നാഹങ്ങളൊരുക്കി ഇന്ത്യ. അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എത്താൻ തക്കവണ്ണം അതിർത്തി വ്യോമതാവളങ്ങളിൽ യുദ്ധ വിമാനങ്ങളും ഫൈറ്റർ ഹെലികോപ്ടറുകളും വ്യോമസേന എത്തിച്ചു തുടങ്ങി. കൂടാതെ കര-നാവിക സേനകളും തയാറെടുപ്പിലാണ്. ചൈനയുമായുള്ള 4000 കിലോമീറ്ററോളം വരുന്ന അതിർത്തിയിലുടനീളം അതിജാഗ്രത നിലനിർത്താനാണ് ഈ വിന്യാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.