തോട്ടിപ്പണിയിൽ ആരും മരിച്ചില്ല; പക്ഷേ, കക്കൂസ് വൃത്തിയാക്കുമ്പോൾ മരിച്ചിട്ടുണ്ട്; വിചിത്ര ന്യായവുമായി സർക്കാർ
text_fieldsന്യൂഡൽഹി: തോട്ടിപ്പണിക്കിടയിൽ മരിച്ച തൊഴിലാളികളുടെ വിഷയത്തിൽ വിചിത്രമായ ന്യായവാദവുമായി സർക്കാർ പാർലമെന്റിൽ. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അപകടകരമായ രീതിയിൽ അഴുക്കുചാലുകളും കക്കൂസ് ടാങ്കുകളും വൃത്തിയാക്കുന്നതിനിടയിൽ 161 പേർ മരിച്ചെങ്കിലും അവരാരും തോട്ടിപ്പണിക്കിടയിൽ മരിച്ചതല്ലെന്നാണ് സർക്കാറിന്റെ വാദം.
2013ൽ നിയമം മൂലം നിരോധിച്ചതാണ് തോട്ടിപ്പണി. പക്ഷേ, എന്നിട്ടും രാജ്യത്ത് മനുഷ്യൻ മനുഷ്യന്റെ വിസർജ്യം നേരിട്ട് നിർമാർജനം ചെയ്യുന്ന രീതി (മാന്വൽ സ്കാവഞ്ചിങ്) ഇപ്പോഴും തുടരുന്നതായി നിരവധി സന്നദ്ധ സംഘടനകളുടെ പഠനങ്ങൾ വ്യക്തമാക്കുന്നു. അതിനിടയിലാണ് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി വീരേന്ദ്ര കുമാർ രാജ്യസഭയിൽ ചോദ്യത്തിന് ഉത്തരമായി മരിച്ചവരുടെ കണക്ക് അവതരിപ്പിച്ചത്.
ഓടകളും കക്കൂസുകളും 'അപകടകരമായി വൃത്തിയാക്കുന്നതിനിടയിൽ' മരിച്ചവരാണ് ഇവരെന്നും എന്നാൽ, ഇവരാരും മാന്വൽ സ്കാവഞ്ചിങ് നടത്തിയവരല്ലെന്നുമുള്ള വിചിത്രവാദമാണ് മന്ത്രി രാജ്യസഭയിൽ ഉന്നയിച്ചത്. 2019ലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 118 പേർ. 2020ൽ 19 പേരും, 2021ൽ 24 പേരും ഇപ്രകാരം മരിച്ചതായാണ് കണക്ക്.
മറ്റൊരു ചോദ്യത്തിന് ഉത്തരമായി സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അത്താവാല അറിയിച്ചത് 1993ന് ശേഷം രാജ്യത്ത് 971 പേർ ഓടകളും കക്കൂസുകളും വൃത്തിയാക്കുന്നതിനിടയിൽ മരിച്ചെന്നാണ്. എന്നാൽ, ഇവർ തോട്ടിപ്പണിക്കിടയിലാണ് മരിച്ചതെന്ന് പറയാൻ സർക്കാർ സന്നദ്ധമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.