യാചന നിരോധിക്കാനാവില്ല– സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരി കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലും തെരുവുകളിലും യാചന നിരോധിക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി. യാചന വേണ്ടെന്ന ശ്രേഷ്ഠ ചിന്താഗതി സുപ്രീംകോടതിക്ക് പറ്റില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. അതേസമയം, അവർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് അറിയിക്കാൻ സുപ്രീംകോടതി കേന്ദ്ര, ഡൽഹി സർക്കാറുകൾക്ക് നോട്ടീസ് അയച്ചു.
യാചകരും അലഞ്ഞുനടക്കുന്നവരും വീടില്ലാത്തവരും ട്രാഫിക് ജങ്ഷനുകളിലും പൊതുസ്ഥലങ്ങളിലും യാചന നടത്തുന്നത് തടയണമെന്ന് കുഷ് കർള സമർപ്പിച്ച പൊതുഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത്തരമൊരു സാമൂഹിക, സാമ്പത്തികപ്രശ്നം നിരോധനം കൊണ്ട് പരിഹരിക്കാനാവില്ല. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിന് നോട്ടീസ് നൽകിയാൽ യാചന നിരോധിക്കണമെന്ന് സുപ്രീംകോടതിയും ആഗ്രഹിക്കുന്നുവെന്ന് കരുതുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. യാചകെര പുനരധിവസിപ്പിച്ച് വാക്സിൻ നൽകി മഹാമാരിയിൽനിന്ന് സംരക്ഷണം നൽകണമെന്നാണ് ഹരജിക്കാരുടെ ആവശ്യമെന്ന് അഭിഭാഷകൻ ബോധിപ്പിച്ചപ്പോൾ ഇക്കാര്യത്തിൽ കേന്ദ്രസർക്കാറിനും ഡൽഹി സർക്കാറിനും നോട്ടീസ് നൽകാമെന്ന് ബെഞ്ച് സമ്മതിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.