എട്ടുപേരിൽ ഒരാൾ പോയിട്ട് അരയാളു പോലും മാപ്പ് പറയാൻ തയാറല്ല -എളമരം കരീം
text_fieldsരാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് എം.പിമാരിൽ ഒരാളെങ്കിലും മാപ്പ് പറഞ്ഞാൽ നടപടി പിൻവലിച്ച് തിരിച്ചെടുക്കാമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതെന്ന് എളമരം കരീം എം.പി. എന്നാൽ, അരയാളു പോലും മാപ്പ് പറയാൻ പോകുന്നില്ലെന്ന് എം.പി പറഞ്ഞു.
ഇനിയങ്ങോട്ടുള്ള കാലം മുഴുവൻ സസ്പെൻഷനിലായാലും നിങ്ങളുടെ ധാർഷ്ട്യത്തിനുമുന്നിൽ മുട്ടുമടക്കുന്ന പ്രശ്നമുദിക്കുന്നില്ല. ഞങ്ങൾ നടത്തുന്നത് നാടിനുവേണ്ടിയുള്ള പോരാട്ടമാണ്. കർഷകർക്കും സാധാരണക്കാർക്കും വേണ്ടിയുള്ള സമരമാണ്. ജനാധിപത്യത്തെയും പാർലമെന്‍റ് നടപടിക്രമങ്ങളെയും ചവിട്ടിമെതിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയാണ് പോരാട്ടം. അതിന് ഈ നാടുമുഴുവൻ ഞങ്ങളോടൊപ്പമുണ്ട്.
ഈ പോരാട്ടത്തിൽ രക്തസാക്ഷിയാവേണ്ടിവന്നാലും അഭിമാനമേയുള്ളൂ. സ്വന്തം സ്വാതന്ത്ര്യത്തിനായി അധികാരികൾക്ക് മാപ്പെഴുതിക്കൊടുത്ത് നാടിനെ വഞ്ചിക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല ഞങ്ങൾ പിന്തുടരുന്നത്. ഞങ്ങൾ അഭിമാനത്തോടെ, തലയുയർത്തി പുറത്തിരുന്നോളാം. തിരിച്ചെടുക്കേണ്ട ആവശ്യമില്ല -എം.പി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
കർഷക ബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിൽ പ്രതിഷേധിച്ചതിനാണ് എട്ട് എം.പിമാർക്കെതിരെ അച്ചടക്ക നടപടിയെടുത്തത്. എം.പിമാരെ സഭാ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കെ.കെ. രാഗേഷ്, എളമരം കരീം (സി.പി.എം), ഡെറിക് ഒബ്രിയാൻ, ദോല സെൻ (തൃണമൂൽ കോൺഗ്രസ്), രാജു സതവ്, റിപുൻ ബോറ, സഈദ് നാസിർ ഹുസൈൻ (കോൺഗ്രസ്), സഞ്ജയ് സിങ് (എ.എ.പി) എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.