ആരും വിശന്നുറങ്ങരുത്; ഭക്ഷ്യധാന്യം ഉറപ്പുവരുത്തുക കേന്ദ്രത്തിന്റെ ചുമതല- സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങുന്ന അവസ്ഥയുണ്ടാകരുതെന്നതാണ് നമ്മുടെ സംസ്കാരമെന്നും ഭക്ഷ്യസുരക്ഷ നിയമപ്രകാരം അവസാനത്തെ ആൾക്കുവരെ ഭക്ഷ്യധാന്യം ഉറപ്പുവരുത്തുക എന്നത് കേന്ദ്ര സർക്കാറിന്റെ ചുമതലയാണെന്നും സുപ്രീംകോടതി. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർചെയ്ത കുടിയേറ്റ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പുതിയ പട്ടിക സമർപ്പിക്കണമെന്നും ജസ്റ്റിസുമാരായ എം.ആർ. ഷാ, ഹിമ കൊഹ്‍ലി എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തോട് നിർദേശിച്ചു. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പറയില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ജനങ്ങൾക്ക് ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിരുന്നു. അതേസമയം, ഇതിന് തുടർച്ചയുണ്ടാകണം. കോവിഡ് മഹാമാരിയിലും ലോക്ഡൗണിനിടയിലും കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച ദുരിതവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ വിഷയത്തിൽ വാദംകേൾക്കുന്നതിനിടയിലാണ് കോടതി നിരീക്ഷണം.
2011ലെ സെൻസസിനുശേഷം ജനസംഖ്യ വർധിച്ചതായും എന്നാൽ, ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഗുണഭോക്താക്കൾ കൂടിയിട്ടില്ലെന്നും സാമൂഹികപ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജഗദീപ് ചൊക്കർ എന്നിവർക്കുവേണ്ടി ഹാജരായ അഡ്വക്കറ്റ് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. നിയമം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ യോഗ്യരായ ഗുണഭോക്താക്കൾ നിയമത്തിന് പുറത്താകും. രാജ്യത്തെ ആളോഹരി വരുമാനം വർധിച്ചിട്ടുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ താഴോട്ടാണ് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
81.35 കോടി ജനങ്ങൾ ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഗുണഭോക്താക്കളാണെന്നും ഇന്ത്യൻ സാഹചര്യത്തിൽ ഇതു വളെര കൂടുതലാണെന്നും കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. കൂടുതൽ ജനങ്ങളെ ഇതിൽ ഉൾപ്പെടുത്താതിരിക്കാൻ കേന്ദ്രം 2011ലെ സെൻസസ് നിർത്തിയതല്ലെന്നും അവർ പറഞ്ഞു. തങ്ങളുടെ ഭക്ഷ്യധാന്യ േക്വാട്ട കഴിഞ്ഞതായി 14 സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയതായി ഇതിനിടയിൽ ഇടപെട്ട പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. വിഷയത്തിൽ ഡിസംബർ എട്ടിന് വീണ്ടും വാദം കേൾക്കും.
2013ൽ ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കിയശേഷം ഇന്ത്യയുടെ ആളോഹരി വരുമാനം 33.4 ശതമാനം വർധിച്ചതായി നേരത്തേ കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷ പദ്ധതി യു.പി.എ സർക്കാറാണ് ആവിഷ്‍കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.