ബാധ്യത ഭരണകൂടത്തിന്; ആരും വിശന്നു മരിക്കരുത് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഒരാളും വിശന്നു മരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഭരണകൂടത്തിന് ഭരണഘടനപരമായ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി. രാജ്യമൊട്ടുക്കും സമൂഹ അടുക്കളക്ക് ചട്ടക്കൂടുണ്ടാക്കാൻ അവസാന അവസരം എന്ന നിലയിൽ മൂന്നാഴ്ച കൂടി കേന്ദ്രത്തിനു സമയം നൽകിയാണ് സുപ്രീംകോടതിയുടെ കർശന നിർദേശം. കേന്ദ്ര സർക്കാർ അണ്ടർ സെക്രട്ടറിയെ കൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് മേലിൽ ഇതാവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകി.
രാജ്യത്ത് പട്ടിണി മരണങ്ങൾ ഒഴിവാക്കാൻ സമൂഹ അടുക്കളകളുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് അനുൻ ധവാൻ സമർപ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കേന്ദ്ര സർക്കാറിന് വേണ്ടി ഭക്ഷ്യ - ഉപഭോക്തൃ മന്ത്രാലയത്തിെൻറ അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലം പോരെന്നും പ്രിൻസിപ്പൽ സെക്രട്ടറി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് എത്ര തവണ പറഞ്ഞതാണ്? കേന്ദ്രം സ്ഥാപനങ്ങളെ മാനിക്കണം. ഞങ്ങളൊന്ന് പറയുന്നു. നിങ്ങൾ മറ്റൊന്ന് ചെയ്യുന്നു. ഇതിനിയും മുന്നോട്ടു പോകാനാവില്ല''- ചീഫ് ജസ്റ്റിസ് അർഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിന് അനുസൃതമായി പുതിയ പദ്ധതി കൊണ്ടുവരുമെന്ന് ഇതിനു മറുപടിയായി അറ്റോണി ജനറൽ കെ.കെ. വേണുഗോപൽ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ സമൂഹ അടുക്കളകൾ സംബന്ധിച്ച് ഇതിനകം സമർപ്പിച്ച വിവരങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാറിെൻറ സത്യവാങ്മൂലത്തിലുള്ളതെന്ന് കോടതി കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അഭിപ്രായമറിഞ്ഞ ശേഷം രാജ്യമാകെ നടപ്പാക്കാവുന്ന സമൂഹ അടുക്കള പദ്ധതി സമർപ്പിക്കണമെന്ന് ഒക്ടോബർ 27ന് സുപ്രീംകോടതി കേന്ദ്രത്തിന് നിർേദശം നൽകിയിരുന്നു.
ഇതിനു ശേഷം കേന്ദ്ര സർക്കാർ െവർച്വൽ യോഗം വിളിച്ചുചേർത്തുവെന്നും അതിൽ സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് സത്യവാങ്മൂലത്തിൽ സമർപ്പിച്ചതെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ വാദിച്ചെങ്കിലും കേന്ദ്രത്തിെൻറ നയപരമായ തീരുമാനത്തെ കുറിച്ച് അതിലൊന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. ''കേന്ദ്രം ഇത്തരമൊരു പദ്ധതി നടപ്പാക്കുകയാണെന്ന് സത്യവാങ്മൂലത്തിലെവിടെയുമില്ല. കേന്ദ്ര സർക്കാറിെൻറ പദ്ധതി മാതൃകയാണ് ആവശ്യം.
അതിലേക്ക് നിർദേശങ്ങൾ വേണമെന്ന് സംസ്ഥാനങ്ങേളാട് പറയണം. അല്ലാതെ പൊലീസിനെ പോലെ വിവരശേഖരണം നടത്തുകയല്ല വേണ്ടത്''- കോടതി പറഞ്ഞു. എത്ര നാൾ ഇങ്ങനെ വിവരം ശേഖരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഇത്തരമൊരു പദ്ധതി പരിഗണനയിലുണ്ടെന്ന് സത്യവാങ്മൂലത്തിൽ ബോധിപ്പിക്കാൻ കേന്ദ്രം തയാറുണ്ടോയെന്ന് ജസ്റ്റിസ് കൊഹ്ലിയും ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.