കശ്മീരിലെ സമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ല –അമിത് ഷാ
text_fieldsജമ്മു: ജമ്മു-കശ്മീരിലെ സമാധാനവും വികസനവും തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിെൻറ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം ആദ്യമായി നടത്തുന്ന സന്ദർശനത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് അമിത് ഷായുടെ മുന്നറിയിപ്പ്.
ജമ്മു-കശ്മീരിൽനിന്ന് ഭീകരവാദത്തെ തുടച്ചുനീക്കാനും സിവിലിയൻ കൊലപാതകങ്ങൾക്ക് അറുതിവരുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അമിത് ഷാ വ്യക്തമാക്കി. ആർക്കും തടയാൻ കഴിയാത്ത വികസനത്തിെൻറ ഒരു പുതിയ ഘട്ടം ആരംഭിച്ചുകഴിഞ്ഞു. 12,000 കോടി രൂപയുടെ നിക്ഷേപം ഇതിനകം കേന്ദ്രഭരണപ്രദേശത്ത് വന്നിട്ടുണ്ടെന്നും 2022 അവസാനത്തോടെ പ്രദേശെത്ത യുവാക്കൾക്ക് അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഷാ പറഞ്ഞു.
കഴിഞ്ഞ ഏഴു പതിറ്റാണ്ടായി ജമ്മു-കശ്മീരിനെ വികസിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് മൂന്നു കുടുംബങ്ങൾ ഉത്തരവാദികളാണെന്ന് കോൺഗ്രസ്, നാഷനൽ കോൺഫറൻസ്, പി.ഡി.പി എന്നിവയുടെ പേര് പരാമർശിക്കാതെ ഷാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദിയുടെ ഹൃദയത്തിലാണ് ജമ്മു-കശ്മീർ സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹത്തിെൻറ സർക്കാറിനു കീഴിൽ ഇവിടെ അനീതിയോ വിവേചനമോ ഉണ്ടാകില്ലെന്നും ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.