ബിരിയാണിയിൽ ഉള്ളിയില്ല; ഹോട്ടലിൽ അടിയോടടി!
text_fieldsബംഗളൂരു: ഉള്ളിവില കുതിക്കുേമ്പാൾ ഭക്ഷണത്തളികയിൽനിന്ന് അവ ഒഴിയുന്നത് സ്വാഭാവികം. എന്നാൽ, ഭക്ഷണപ്രിയരെ സംബന്ധിച്ച് ഉള്ളിയില്ലാത്ത ബിരിയാണി ഇത്തിരി കടുപ്പംതന്നെയാണ്. മാർക്കറ്റിൽ സവാള വില 150 കടന്നിരിക്കുകയാണ്. കള്ളന്മാരുടെ ശല്യം തടയാൻ കർണാടകയിലെ ഗദകിലെ ഉള്ളി കർഷകർ പാതിരാത്രി തങ്ങളുടെ കൃഷിക്ക് ഉറക്കമൊഴിച്ചു കാവലിരുന്നതായിരുന്നു കഴിഞ്ഞദിവസങ്ങളിലെ രസകരമായ വാർത്ത. എന്നാൽ, ഹോട്ടലുകാർ ബിരിയാണിയിൽ ഉള്ളി ഉപയോഗിക്കാത്തത് സംബന്ധിച്ച തർക്കം ബെളഗാവിയിൽ അടിപിടിയിലെത്തിയതാണ് പുതിയ സംഭവം.
ബെളഗാവി നെഹ്റു നഗറിലെ ഹോട്ടലിൽ കഴിഞ്ഞ ദിവസം രാത്രി ശ്രീകാന്ത് ഹദിമനി (19), അങ്കുഷ് ചളഗേരി (24) എന്നീ യുവാക്കൾ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഒാർഡർ പ്രകാരം ബിരിയാണി വിളമ്പിയപ്പോൾ അതിൽ ഉള്ളിയില്ലെന്ന് കണ്ടതോടെ ജോലിക്കാരനോട് ചൂടായി. ഉള്ളിക്ക് വില കൂടിയതാണ് കാരണമെന്ന് ജീവനക്കാർ അറിയിച്ചെങ്കിലും വാക്തർക്കം മൂത്ത് ഒടുവിൽ ൈകയാങ്കളിയിലാണ് അവസാനിച്ചത്. രണ്ടുപേരെയും ഹോട്ടലിലെ ജീവനക്കാർ നന്നായി പെരുമാറിയതോടെ ഇരുവരെയും പരിക്കുകളുമായി ബെളഗാവി സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാക്കൾക്കും ജീവനക്കാർക്കുമെതിരെ മൽമാരുതി പൊലീസ് കേസെടുക്കുകയും ചെയ്തു.
ബെഗളഗാവി, ഗദക് അടക്കമുള്ള വടക്കൻ കർണാടക മേഖലയിൽ സവാള കൃഷി ചെയ്യുന്നുണ്ട്. ഇത്തവണ വില കുത്തനെ ഉയർന്നതോടെ ബെളഗാവി എ.പി.എം.സി മാർക്കറ്റിൽ കഴിഞ്ഞ ദിവസം റെക്കോഡ് വിലക്കാണ് ഉള്ളി വിറ്റുപോയത്. ഒരു ക്വിൻറലിന് 15,000 മുതൽ 16,000 രൂപ വരെയായിരുന്നു കഴിഞ്ഞ ദിവസത്തെ മാർക്കറ്റ് നിരക്ക്. 2013-14 വർഷത്തിലാണ് ഇതിനു മുമ്പ് ഉള്ളിക്ക് കൂടിയ വില എത്തിയത്. അന്ന് ക്വിൻറലിന് 9000 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.