റമദാനിൽ കശ്മീരിൽ സൈനിക നടപടിയുണ്ടാവില്ലെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: സംഘർഷഭരിതമായ കശ്മീരിൽ റമദാൻ മാസം കേന്ദ്രസർക്കാർ ഏകപക്ഷീയമായി സോപാധിക വെടിനിർത്തൽ പ്രഖ്യാപിച്ചു. അടുത്ത 30 ദിവസത്തേക്ക് സുരക്ഷസേനയുടെ ഭാഗത്തുനിന്ന് സായുധ നടപടികൾ ഉണ്ടാവില്ല. ആക്രമിക്കപ്പെടുകയോ, നിരപരാധികളുടെ ജീവനു സംരക്ഷണം നൽകേണ്ടിവരുന്ന സാഹചര്യം ഉണ്ടാവുകയോ ചെയ്താൽ സുരക്ഷസേന തിരിച്ചടിക്കാൻ മടിക്കില്ലെന്നാണ് സർക്കാർ മുന്നറിയിപ്പ്. നിർദയം അക്രമവും ഭീകരതയും അഴിച്ചുവിട്ട് ഇസ്ലാമിനെ മോശമാക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ തീരുമാനവുമായി എല്ലാവരും സഹകരിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പ്രയാസം കൂടാതെ വ്രതമനുഷ്ഠിക്കാൻ മുസ്ലിം സഹോദരങ്ങെള സഹായിക്കുന്നതിന് എല്ലാവരും സഹകരിക്കുമെന്ന് സർക്കാർ പ്രതീക്ഷ പ്രകടിപ്പിച്ചു. വെടിനിർത്തലിനോടുള്ള ബി.ജെ.പിയുടെ എതിർപ്പു ബാക്കിനിൽക്കേ തന്നെയാണ് സർവകക്ഷി യോഗത്തിലെ ധാരണപ്രകാരമുള്ള കേന്ദ്ര തീരുമാനം. വെടിനിർത്തൽ നടപ്പില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ മോദിസർക്കാർ. സോപാധിക വെടിനിർത്തൽ തീരുമാനം സംസ്ഥാന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ അറിയിച്ചിട്ടുണ്ട്. ഏറ്റുമുട്ടലുകൾ രൂക്ഷമാകുന്നതിനിടയിൽ വെടിനിർത്തലിന് മെഹ്ബൂബ പലവട്ടം മോദിസർക്കാറിനോട് അഭ്യർഥിച്ചിരുന്നു.
കേന്ദ്ര തീരുമാനത്തിൽ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ചർച്ചയുടെ അന്തരീക്ഷം രൂപപ്പെടുത്താൻകൂടി വെടിനിർത്തൽ തീരുമാനം സഹായിക്കുമെന്ന് മെഹ്ബൂബ മുഫ്തി പ്രത്യാശിച്ചു. ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നതിന് സമവായം രൂപപ്പെടുത്താൻ സർവകക്ഷി യോഗത്തിൽ പെങ്കടുത്തവർക്കും പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കും മുഖ്യമന്ത്രി നന്ദിപറഞ്ഞു. വെടിനിർത്തലുമായി സഹകരിക്കുന്നതിൽ തീവ്രവാദികൾ പരാജയപ്പെട്ടാൽ ജനശത്രുക്കളായി അവർ തുറന്നു കാണിക്കപ്പെടുമെന്ന് മുൻമുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല പ്രതികരിച്ചു.
പി.ഡി.പി കോട്ടയായ തെക്കൻ കശ്മീരിൽ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സാധാരണനില തിരിച്ചുകൊണ്ടുവരാൻ കഴിയുമോ എന്ന രാഷ്ട്രീയ പരീക്ഷണം കൂടിയാണ് വെടിനിർത്തൽവഴി മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി നടത്തുന്നത്. എന്നാൽ, ഭരണകൂട നടപടിയെ എതിർഭാഗം അംഗീകരിക്കുന്നുവോ എന്ന് വ്യക്തമല്ല. വെടിനിർത്തൽ പ്രഖ്യാപനം നടന്നശേഷവും തെക്കൻ കശ്മീരിലെ ഷോപിയാനിൽ തീവ്രവാദികളും സേനയുമായി വെടിവെപ്പ് നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.