'കലിതുള്ളുന്ന കടലിലേക്ക് ചാടുകയല്ലാതെ ഞങ്ങൾക്ക് മുൻപിൽ മറ്റു വഴിയുണ്ടായിരുന്നില്ല'
text_fieldsമുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ പെട്ട് എണ്ണ കിണറിൽ ഇടിച്ചു തകർന്ന പി 305 എന്ന ബാർജിലെ രക്ഷപ്പെട്ട ജീവനക്കാർ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളെ ഓർത്തെടുക്കുകയാണ്. 273 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. ഇവരിൽ 198 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മരണം സ്ഥിരീകരിച്ചു. 49 പേർക്ക് വേണ്ടി ഇനിയും തിരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച ഉച്ചയോടെ തന്നെ ബാർജിലേക്ക് വെള്ളം ഇരച്ചു കയറാൻ തുടങ്ങിയിരുന്നതായി രക്ഷപ്പെട്ട ജീവനക്കാർ പറയുന്നു. മണിക്കൂറിൽ 200 കിലോമീറ്ററോളമായിരുന്നു കാറ്റിന്റെ വേഗത. ബാർജിന്റെ 12 നങ്കൂരങ്ങൾ കഴിഞ്ഞ രാത്രിയിൽ തന്നെ കാറ്റിൽ തകർന്നിരുന്നു. ഹിരാ ഫീൽഡിലെ എണ്ണ കിണറിന് സമീപത്തു നിന്നും 50 കിലോമീറ്റർ അകലേക്ക് കാറ്റ് ബാർജിനെ തള്ളി കൊണ്ടുപോയിരുന്നു.
എൻജിനീയർമാരും മറൈൻ ക്രൂവും തൊഴിലാളികളും ഉൾപ്പെടെ എല്ലാവരും അപകടം മണത്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെ വെള്ളം ഇരച്ചുകയറി ബാർജ് പതിയെ മുങ്ങാൻ തുടങ്ങി. ഒന്നുകിൽ കടലിലേക്ക് ചാടുക, അല്ലെങ്കിൽ മുങ്ങാൻ തുടങ്ങുന്ന ബാർജിൽ തുടരുക, ഇതു മാത്രമായിരുന്നു ഇവർക്ക് മുന്നിലുണ്ടായിരുന്ന ഓപ്ഷനുകൾ.
കൂറ്റൻ തിരകൾ ഉയരുന്ന കടലിലേക്ക് ചാടുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വൈകീട്ടോടെ മനസ്സിലായി -ബാർജിൽ നിന്ന് രക്ഷപ്പെട്ട സീനിയർ എൻജിനീയറായ ഇന്ദ്രജിത്ത് ശർമ പറയുന്നു. വൈകിട്ട് ഏഴ് മണിയോടെ ബാർജ് മുഴുവനായി മുങ്ങി. ലൈഫ് ജാക്കറ്റും അണിഞ്ഞ് ശർമയും സഹപ്രവർത്തകരും ആരെങ്കിലും വരും എന്ന പ്രതീക്ഷയിൽ കടലിൽ കിടന്നു.
ഒപ്പം ഉള്ളവരെല്ലാം കൈകോർത്തു പിടിച്ചു. മരിക്കുകയാണെങ്കിൽ ഒരുമിച്ച് മരിക്കാൻ ആയിരുന്നു തീരുമാനം. പലരും സ്വന്തം കുടുംബത്തെ കുറിച്ച് പറഞ്ഞു കരഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് കൊച്ചി കപ്പൽ ശർമ ഉൾപ്പടെയുള്ളവരെ രക്ഷപ്പെടുത്തുന്നത്. 12 മണിക്കൂറോളം കടലിൽ കഴിഞ്ഞു. രരക്ഷപ്പെട്ട ശേഷം കണ്ണു പോലും തുറക്കാൻ സാധിച്ചിരുന്നില്ല - ശർമ പറഞ്ഞു.
ടൗട്ടേ കാറ്റ് തകർത്ത മൂന്ന് ബാർജുകളിൽ ഒന്നായിരുന്നു ഇവരുടേത്. 26 പേർ മരിച്ചു. കാണാതായ 49 പേർക്ക് വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.