ലൗ ജിഹാദോ, എന്താണതെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍; 'ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ല, ഒരു സമുദായത്തെയും കുറ്റപ്പെടുത്താന്‍ കഴിയില്ല'
text_fieldsന്യൂഡൽഹി: 'ലൗ ജിഹാദ്' ആരോപണങ്ങളെ പരിഹസിച്ചു തള്ളി ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര. ബി.ജെ.പി ദേശീയ വക്താവും പഞ്ചാബിലെ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമാണ് ഇദ്ദേഹം. ലൗജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ലെന്നും അതിന്‍റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുംഇക്ബാല്‍ സിങ് ലാല്‍പുര ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'എന്താണ് ലൗജിഹാദ്? ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ലൗ ജിഹാദിന്റെ നിർവചനം ഞാൻ കണ്ടിട്ടില്ല. മതത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, അതിന്‍റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. മിശ്രവിവാഹത്തിന് ഇവിടെ തടസ്സങ്ങളൊന്നുമില്ല' -അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച് മതം മാറ്റുന്ന ചില ഒറ്റ സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദേശം നല്‍കാറുണ്ട്. കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ താൻ ഇടപെടാം. താനും ന്യൂനപക്ഷ കമ്മിഷന്‍ അംഗങ്ങളും ഇതിനായി കേരളത്തിലെത്താം. പരാതിക്കാരുമായി സംസാരിക്കാം -ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു.
ജംഹാഗിര്‍പുരിയിലും ജോധ്പുരിലുമടക്കം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചെറിയൊരുവിഭാഗം ആളുകളാണ്. സംസ്ഥാന സര്‍ക്കാരുകളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജംഹാഗിര്‍പുരി ഒഴിപ്പിക്കലിനെതിരെ പരാതി ലഭിച്ചിട്ടില്ല. ഇടിച്ചുനിരത്തല്‍ ചട്ടപ്രകാരമാണെങ്കില്‍ നിര്‍ത്തിവയ്ക്കരുത്. ഏക സിവില്‍ കോഡിനായുള്ള കരട് തയ്യാറായാല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കുമെന്നും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു.
മുന്‍ ഐ.പി.എസ് ഓഫിസറും ബി.ജെ.പി ദേശീയ വക്താവുമായ ഇഖ്ബാല്‍ സിങ് ലാല്‍പുര കഴിഞ്ഞ സെപ്തംബറിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായത്. സിഖ് തത്വശാസ്ത്രവുമായും സിഖ് ചരിത്രവുമായും ബന്ധപ്പെട്ട് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ പൊലീസ് മെഡല്‍, സ്ത്യുതര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡല്‍, ശിരോമണി സിഖ് സഹിത്കര്‍ അവാര്‍ഡ്, സിഖ് സ്‌കോളര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.