എവിടെയാണ് ആ 50,000 വെൻറിലേറ്ററുകൾ?; പി.എം കെയേഴ്സ് ഫണ്ട് ആരാണ് ഉപയോഗിക്കുന്നത്?, കോവിഡ് കാലത്തെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
text_fieldsകോവിഡിെൻറ ഒന്നാം തരംഗ കാലത്താണ് പി.എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് 50,000 മെയ്ഡ് ഇൻ ഇന്ത്യ വെൻറിലേറ്ററുകൾ നിർമിക്കാൻ സർക്കാർ തീരുമാനിക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് വിതരണം ചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇൗ വെൻറിലേറ്ററുകൾ.ഇതിനായി പിഎം കെേയർസ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് (എംഎച്ച്എഫ്) 2,000 കോടി അനുവദിച്ചതായി ഒന്നിലധികം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെൻറിലേറ്റർ പദ്ധതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിനെ ഏർപ്പെടുത്തുകയും ചെയ്തു.
ഒന്നിലധികം സ്വകാര്യ കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വെൻറിലേറ്ററുകൾ നിർമ്മിക്കുന്നതിനുള്ള കരാറുകൾ എച്ച്എൽഎൽ നൽകി. ഇങ്ങിനെ കരാർ ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ആന്ധ്രപ്രദേശ് മെഡ്‌ടെക് സോൺ ലിമിറ്റഡ്. 2020ഏപ്രിലിൽ ഇതുസംബന്ധിച്ച് രാജ്യത്തെ നിരവധി കമ്പനികളുമായി ആരോഗ്യവകുപ്പ് കരാറിൽ ഏർപ്പെട്ടു. എന്നാൽ വർഷം ഒന്ന് കഴിയുേമ്പാഴും ആയിരം വെൻറിലേറ്റർപോലും വിതരണം ചെയ്തിട്ടില്ലെന്ന് 'ദി ക്വിൻറ്' റിപ്പോർട്ട് ചെയ്യുന്നു.
വിവരം തരാത്ത പി.എം.കെയേഴ്സ്
പി.എം കെയേഴ്സ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങൾ വിവരാവകാശംമൂലം ലഭ്യമല്ല. അതിനാൽതന്നെ വെൻറിലേറ്റർ നിർമാണത്തിന് കരാർലഭിച്ച കമ്പനിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് വെൻറിലേറ്റർ നിർമാണം അവതാളത്തിലാണെന്ന നിർണായകമായ കണ്ടെത്തൽ ദി ക്വിൻറ് നടത്തിയിരിക്കുന്നത്. പി.എം കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വെൻറിലേറ്റർ നിർമിക്കാൻ കരാർ ലഭിച്ച കമ്പനികളിലൊന്നാണ് ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ട്രിവിട്രോൺ ഹെൽത്ത് കെയർ. 9000 വെൻറിലേറ്ററുകൾ നിർമിക്കാനുള്ള കരാറാണ് കമ്പനിക്ക് ലഭിച്ചത്. അതിൽതന്നെ ചിലവ് കുറഞ്ഞ ലോ ഫ്ലോ ഓക്സിജൻ (എൽഎഫ്ഒ) വെൻറിലേറ്ററുകൾ നിർമിക്കാനാണ് ട്രിവിട്രോണിനെ ചുമതലപ്പെടുത്തിയിരുന്നത്. കുറഞ്ഞ നിരക്കിലുള്ള എൽഎഫ്‌ഒ വെൻറിലേറ്ററുകൾ മെഡിക്കൽ അത്യാഹിതങ്ങളിൽ ഉപയോഗപ്രദമാണ്.
കഠിനമായ ശ്വാസകോശ തകരാറുകളുള്ളവർക്ക് എൽഎഫ്‌ഒകൾ ജീവൻരക്ഷാ ഉപകരണങ്ങളാണെന്ന് ഡോക്ടർമാർ പറയുന്നു. ആന്ധ്രാപ്രദേശിലെ മെഡ്‌ടെക് സോൺ ലിമിറ്റഡിൽ നിന്ന് എൽഎഫ്‌ഒ വെൻറിലേറ്ററുകൾക്കായി ഓർഡർ ലഭിച്ച കമ്പനികളിലൊന്നാണ് ചെന്നൈ ആസ്ഥാനമായുള്ള മെഡിക്കൽ ടെക്‌നോളജി കമ്പനിയായ ട്രിവിട്രോൺ ഹെൽത്ത്കെയർ. 2020 ഏപ്രിലിൽ ആദ്യത്തെ ഓർഡർ ലഭിച്ചശേഷം എഎംടിഇസെഡ് വഴി സർക്കാർ ആശുപത്രികളിൽ എത്ര വെൻറിലേറ്ററുകൾ വിതരണം ചെയ്തുവെന്ന് അന്വേഷിച്ച ക്വിൻറ് ലേഖകന് കിട്ടിയ വിവരം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇതുവരെ ആകെ 650 വെൻറിലേറ്ററുകൾ മാത്രമാണ് ഇവർ ആശുപത്രികൾക്ക് വിതരണം ചെയ്തിരിക്കുന്നത്.
വെൻറിലേറ്റർ ക്ലിനിക്കൽ ടെസ്റ്റിന് ഒമ്പതുമാസം
എൽഎഫ്ഒ വെൻറിലേറ്ററിെൻറ വില യൂനിറ്റിന് 1,48,500 രൂപയായാണ് നിശ്ചയിച്ചിരുന്നത്. ആദ്യം 104 കോടി രൂപയുടെ ഓർഡർ ലഭിച്ചതായി ട്രിവിട്രോൺ പറയുന്നു. ട്രിവിട്രോണിന് രണ്ട് തവണയായാണ് ഓർഡർ ലഭിച്ചത്. ആദ്യം 2,000 വെന്റിലേറ്ററുകൾക്കും രണ്ടാമത്തേത് 5,000 വെന്റിലേറ്ററുകൾക്കുമായിരുന്നു. 2020 ഏപ്രിലിൽ ഓർഡർ ലഭിച്ചെങ്കിലും ആരോഗ്യ മന്ത്രാലയം നൽകിയ മാനദണ്ഡങ്ങൾ പാലിച്ച് വെന്റിലേറ്റർ വികസിപ്പിക്കാൻ ട്രിവിട്രോൺ എട്ട് മാസമെടുത്തു. അവരുടെ വെന്റിലേറ്റർ മോഡലിന് 2020 ഡിസംബർ 22ന് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് അംഗീകാരം നൽകി. അംഗീകാരം വൈകുന്നതിന് പിന്നിലെ കാരണം ട്രിവിട്രോൺ അധികൃതർ തന്നെ വിശദീകരിക്കുന്നുണ്ട്.
ഓർഡർ ലഭിക്കുമ്പോൾ (2020 ഏപ്രിൽ), ട്രിവിട്രോൺ ഒന്നിലധികം പ്രോട്ടോടൈപ്പുകൾ തയ്യാറാക്കിയിരുന്നു. അവയുടെ വില യൂനിറ്റിന് 1,48,550 രൂപയായിരുന്നു. മോഡലിെൻറ തിരഞ്ഞെടുത്ത പ്രോട്ടോടൈപ്പ് ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതി 2020 ജൂലൈയിൽ അംഗീകരിച്ചു. അതിനുശേഷം വെന്റിലേറ്റർ ഒന്നിലധികം സർക്കാർ ആശുപത്രികളിൽ വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കി. കൂടാതെ അംഗീകൃത ലാബുകളിൽ ഐഇസി പരിശോധനയും കഴിഞ്ഞശേഷമാണ് 2020 ഡിസംബറിൽ അന്തിമ അംഗീകാരം ലഭിച്ചത്.ട്രിവിട്രോൺ പറയുന്നതനുസരിച്ച്, ആരോഗ്യ മന്ത്രാലയം അവരുടെ പ്രോട്ടോടൈപ്പ് അംഗീകരിക്കാൻ മൂന്ന് മാസമെടുത്തു. തുടർന്ന് ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ അഞ്ച് മാസം കൂടി വേണ്ടി വന്നു. എന്നാൽ ഇത്തരം മെഡിക്കൽ ഉപകരണങ്ങളുടെ ക്ലിനിക്കൽ ട്രയലിന് സാധാരണയായി ഒരു മാസം മാത്രമാണ് എടുക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.
'ക്ലിനിക്കൽ വിലയിരുത്തലിനായി അഞ്ച് മാസമെന്നത് തികച്ചും അനാവശ്യമാണ്. പ്രത്യേകിച്ചും ഒരു പകർച്ചവ്യാധി സമയത്ത് അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമുള്ള മെഡിക്കൽ ഉപകരണത്തിന്'-ഫോറം കോർഡിനേറ്റർ അസോസിയേഷൻ ഓഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രി രാജീവ് നാഥ് പറയുന്നു.
വിനയായത് അമിത ആത്മവിശ്വാസം
2020 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ കോവിഡ് കേസുകൾ കുറയാൻ തുടങ്ങിയതോടെ സർക്കാർ പതിയെ പദ്ധതിയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. 5000 വെൻറിലേറ്റർമാർക്ക് അഡ്വാൻസ് പേയ്‌മെൻറ് ഇല്ലാതെതന്നെ തങ്ങൾ എൽഎഫ്‌ഒ വെൻറിലേറ്ററുകൾ നിർമ്മിക്കാൻ ആരംഭിച്ചതായി ട്രിവിട്രോൺ അവകാശപ്പെടുന്നു. എന്നാൽ ഇതുവരെ 650 വെൻറിലേറ്ററുകൾ മാത്രമാണ് നിർമിച്ചത്. പണം ലഭിക്കാതെ കൂടുതൽ എണ്ണം നിർമിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കമ്പനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.