'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ആശയത്തിന് പാർലമെന്‍ററി സംവിധാനത്തിൽ സ്ഥാനമില്ല -കോൺഗ്രസ്
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്ന 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്ത്വങ്ങൾക്ക് എതിരാണെന്ന് കോൺഗ്രസ്. ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിന് പാർലമെന്‍ററി സംവിധാനത്തിൽ സ്ഥാനമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്‍റെ പാർട്ടി ഈ ആശയത്തെ ശക്തമായി എതിർക്കുന്നുവെന്ന് 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഉന്നതതല സമിതി സെക്രട്ടറി നിതൻ ചന്ദ്രക്ക് അയച്ച കത്തിൽ ഖാർഗെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചെലവ് വളരെ ഉയർന്നതാണെന്ന വാദവും മാതൃകാ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നത് ക്ഷേമപദ്ധതികളെയോ വികസന പ്രവർത്തനങ്ങളെയോ ദോഷകരമായി ബാധിക്കുമെന്ന വാദവും അടിസ്ഥാനരഹിതമാണെന്ന് ഖാർഗെ വ്യക്തമാക്കി. ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ കാലാവധി പൂർത്തിയാകാത്ത നിരവധി നിയമസഭകളെ പിരിച്ചുവിടേണ്ടിവരും. അത് ആ സംസ്ഥാനങ്ങളിലെ വോട്ടർമാരോടുള്ള വഞ്ചനയാണെന്നും ഖാർഗെ പറഞ്ഞു. രാജ്യത്ത് ഒരേസമയം തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിന് സംസ്ഥാന നിയമസഭകളുടെ നിബന്ധനകൾ പാർലമെന്‍റുമായി എങ്ങനെ സമന്വയിപ്പിക്കാം എന്ന ചോദ്യത്തിന് സമിതി ഭരണഘടനാസ്ഥാപനമല്ലാത്ത നിതി ആയോഗിന്‍റെ റിപ്പോർട്ടിനെ ആശ്രയിക്കുന്നതായി തോന്നുന്നുവെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
ഒരേസമയം തെരഞ്ഞെടുപ്പ് എന്ന ആശയത്തിന്‍റെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിന്, തമിഴ്‌നാടും കേരളവും ഉൾപ്പെടെയുള്ള ചില സംസ്ഥാന അസംബ്ലികളുടെ കാലാവധി വെട്ടിക്കുറക്കണമെന്ന് ഇത് നിർദേശിക്കുന്നു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാന നിയമസഭകളുടെ കാലാവധി രണ്ട് വർഷത്തിൽ കൂടുതൽ നീട്ടണം. അടിയന്തര വ്യവസ്ഥകൾക്കല്ലാതെ സംസ്ഥാന അസംബ്ലികൾ പിരിച്ചുവിടാനോ സംസ്ഥാന സർക്കാരുകളെ സസ്പെൻഡ് ചെയ്യാനോ ഭരണഘടനയിൽ ഒരിടത്തും കേന്ദ്ര സർക്കാരിന് അധികാരം നൽകുന്നില്ലെന്നും ഖാർഗെ കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.