കോവിഡ് കാരണം ട്രെയിൻ സർവിസുകൾ നിർത്തുമോ; വിശദീകരണവുമായി റെയിൽവേ
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ഇനിയൊരു ലോക്ഡൗൺ വരുമോയെന്ന ആശങ്ക ജനങ്ങൾക്കുണ്ടെങ്കിലും രാജ്യവ്യാപക ലോക്ഡൗൺ ഇനിയുണ്ടാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിക്കഴിഞ്ഞു. ട്രെയിൻ സർവിസുകളെ കോവിഡ് വ്യാപനം ബാധിക്കുമോയെന്ന ആശങ്ക യാത്രക്കാർക്കിടയിൽ ശക്തമാണ്. കഴിഞ്ഞ ലോക്ഡൗണിൽ ട്രെയിൻ സർവിസുകൾ നിർത്തിവെച്ചതാണ് ആശങ്കക്ക് കാരണം. ഇതിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ട്രെയിൻ സർവിസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ് ഇന്ത്യൻ റെയിൽവേ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമ വ്യക്തമാക്കിയത്. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവിസ് നടത്തുന്നുണ്ട്. നിലവിൽ ട്രെയിൻ സർവിസുകൾക്ക് എവിടെയും ലഭ്യതക്കുറവില്ല. സർവിസുകൾ നിലവിലേതു പോലെ തുടരുമെന്നും സുനീത് ശർമ വ്യക്തമാക്കി.
ഏപ്രിൽ-മേയ് മാസങ്ങളിലെ തിരക്ക് പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ സർവിസ് നടത്തും. സെൻട്രൽ റെയിൽവേക്ക് 58 ട്രെയിനുകളും വെസ്റ്റേൺ റെയിൽവേക്ക് 60 ട്രെയിനുകളും കൂടുതലായി അനുവദിച്ചിട്ടുണ്ട്.
നിലവിൽ 1400 മെയിൽ എക്സ്പ്രസുകളും 5300 സബർബൻ സർവിസുകളുമാണ് നടത്തുന്നത്. 800 പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്. ഇവ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകളായതിനാൽ തിരക്ക് കൂടുതലാണ്. പാസഞ്ചർ ട്രെയിനുകളുടെ എണ്ണം സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് വർധിപ്പിക്കുമെന്നും റെയിൽവേ ബോർഡ് അധ്യക്ഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.