ഹാഥറസ് കൂട്ടബലാത്സംഗക്കൊല രാഷ്ട്രീയവത്കരിക്കരുത് -കെജ്‌രിവാള്‍
text_fieldsന്യൂഡൽഹി: ഉത്തർ പ്രദേശിലെ ഹാഥറസിൽ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയവത്കരിക്കരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിവിധ സംഘടനകൾ ആഹ്വാനം ചെയ്തതു പ്രകാരം ഡൽഹിയിലെ ജന്തർ മന്തറിൽ അരങ്ങേറിയ വൻ പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
ഇരയുടെ കുടുംബത്തിന് നീതി ലഭിക്കാനുള്ള പോരാട്ടമാണിത്. ഈ വിഷയത്തിൽ ഒരു രാഷ്ട്രീയവും ഉണ്ടാകരുത്. അത്തരമൊരു കുറ്റകൃത്യം രാജ്യത്തെ ഒരു സംസ്ഥാനത്തും സംഭവിക്കാൻ പാടില്ലായിരുന്നു.
ആ മകളുടെ ആത്മാവിന് സമാധാനം ലഭിക്കണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുറ്റവാളികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഇതുപോലുള്ള ഒരു കുറ്റകൃത്യം ചെയ്യാൻ ആരും ധൈര്യപ്പെടാത്ത തരത്തിലുള്ള ശിക്ഷ അവർക്ക് ലഭിക്കണം -കെജ്‌രിവാള്‍ പറഞ്ഞു.
ഭീം ആർമി, ആം ആദ്മി പാർട്ടി, ഇടതുപാർട്ടികൾ, കോൺഗ്രസ് എന്നിവരുടെ പിന്തുണയിലായിരുന്നു പ്രതിഷേധം. വിവിധ സംഘടനകളെ ഏകോപിപ്പിച്ചത് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കറായിരുന്നു. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഭീം ആർമി നേതാവ് ചന്ദ്ര ശേഖർ ആസാദ് തുടങ്ങിയ നേതാക്കളും പ്രതിഷേധ സംഗമത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.