സർക്കാറിൽ നിന്ന് സമ്മർദമില്ലെന്ന് ചീഫ് ജസ്റ്റിസ്; 'നിയമമന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസം സ്വാഭാവികം മാത്രം'
text_fieldsന്യൂഡൽഹി: കോടതികൾക്ക് മേൽ സർക്കാറിന്‍റെ സമ്മർദമില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ജഡ്ജിയായുള്ള 23 വർഷത്തിനിടെ ഒരിക്കൽ പോലും ഒരാളും തന്നോട് ഒരു കേസിൽ എന്ത് തീരുമാനിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. വിവിധ വിഷയങ്ങളിൽ സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ചീഫ് ജസ്റ്റിസിന്‍റെ പ്രസ്താവന.
കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സുപ്രീംകോടതിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉയർത്തിയിരുന്നു. കോടതി പ്രതിപക്ഷത്തിന്‍റെ ധർമം നിർവഹിക്കണമെന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഭരണപരമായ കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കുന്നതിനെയും മന്ത്രി വിമർശിച്ചിരുന്നു.
അതേസമയം, കേന്ദ്രം എതിർപ്പുയർത്തുന്ന കൊളീജിയം സംവിധാനത്തെ ജഡ്ജി നിയമനത്തിനുള്ള ഏറ്റവും മികച്ച സംവിധാനമെന്നാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് വിശേഷിപ്പിച്ചത്. സൗരഭ് കൃപാലിനെ ഹൈകോടതി ജഡ്ജിയായി നിയമിക്കുന്നതിൽ കേന്ദ്ര സർക്കാറിനുള്ള എതിർപ്പ് അദ്ദേഹം സ്വർഗലൈംഗികതയുള്ള വ്യക്തിയാണ് എന്നുള്ളതാണെന്ന റിപ്പോർട്ടിലെ പരാമർശം സുപ്രീംകോടതി പരസ്യമാക്കിയിരുന്നു. ഇത് കേന്ദ്രത്തിന്‍റെ അപ്രീതിക്കിടയാക്കുകയും ചെയ്തു. എന്നാൽ, ഇന്‍റലിജൻസ് റിപ്പോർട്ടിലെ എല്ലാ കാര്യങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാണെന്നാണ് ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞത്. തന്‍റെ ലൈംഗികാഭിമുഖ്യം സൗരഭ് കൃപാൽ തുറന്നുപറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നിയമമന്ത്രിക്ക് ചില കാഴ്ചപ്പാടുകളുണ്ട്. എനിക്കും എന്‍റേതായ കാഴ്ചപ്പാടുണ്ട്. കാഴ്ചപ്പാടുകളിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതിൽ എന്താണ് തെറ്റ്? നീതിന്യായവ്യവസ്ഥക്ക് ഉള്ളിലാണെങ്കിൽ പോലും കാഴ്ചപ്പാടുകളിലെ വ്യത്യാസത്തെ നമ്മൾ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഭരണഘടനാപരമായ രാഷ്ട്രബോധത്തോടെയാണ് അതിനെ കൈകാര്യം ചെയ്യേണ്ടത്. നിയമമന്ത്രിയുമായുള്ള പ്രശ്നങ്ങളിൽ കക്ഷിചേരാൻ ഞാനില്ല.' -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.