എം.പിമാരുടെയും എം.എൽ.എമാരുടെയും അപ്പീലുകളിൽ മുൻഗണന തെറ്റിക്കേണ്ട –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകളിലെ വിചാരണ വേഗത്തിലാക്കാൻ മുൻഗണന തെറ്റിച്ച് അവരുടെ അപ്പീലുകൾ കേൾക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തത വരുത്തി.
ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ആ അർഥത്തിൽ എടുക്കരുതെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ വിചാരണ വേഗത്തിലാക്കാൻ സുപ്രീംകോടതി നൽകിയ നിർദേശം അവരുടെ അപ്പീലുകൾക്ക് ബാധകമല്ല എന്ന വാദമുയർത്തി തടയുന്നുണ്ട് എന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ മുകുൾ രോഹതഗി ചുണ്ടിക്കാട്ടിയപ്പോഴാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കൊലക്കേസിൽ മുൻ പാർലമെൻറ് അംഗത്തിന് വേണ്ടിയാണ് രോഹത്ഗി അപ്പീൽ നൽകിയത്.
രോഹതഗിയുടെ കക്ഷിക്കെതിരായ പരാതിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാൾ, സുപ്രീംകോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ച് എം.പിമാരുടെയും എം.എൽ.എമാരുടെയും അപ്പീലുകൾ മുൻഗണന തെറ്റിച്ച് എടുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് ബോധിപ്പിച്ചു. ഇതിന് തെളിവായി ഹൈകോടതി ഉത്തരവിലെ ഭാഗങ്ങളും അവർ വായിച്ചുകേൾപിച്ചു.
എം.പിയായതുകൊണ്ട് അപ്പീലിന് ഒരു മുൻഗണനയും നൽകാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. ഹൈകോടതി, സുപ്രീംകോടതി വിധി തെറ്റായി മനസ്സിലാക്കിയാണ് മുൻ എം.പിയുടെ അപ്പീലിന് മുൻഗണന നൽകിയതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ബി.ജെ.പി മന്ത്രിമാരും എം.പിമാരും എം.എൽ.എമാരും അടക്കം പ്രതികളായ മുസഫർ നഗർ കലാപത്തിെൻറ 77 ക്രിമിനൽ കേസുകൾ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ കാരണമൊന്നും കൂടാതെ പിൻവലിച്ചത് ക്രിമിനൽ നടപടി ക്രമം 401ാം വകുപ്പു പ്രകാരം ഹൈകോടതിക്ക് പുനഃപരിേശാധിക്കാമെന്ന് അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ ബോധിപ്പിച്ചു. കേരള നിയമസഭയിലെ അക്രമ കേസിൽ എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകൾ ഹൈകോടതി അനുമതിയില്ലാതെ പിൻവലിക്കരുതെന്ന സുപ്രീംകോടതി വിധിയാണ് ഇൗ നിർദേശത്തിന് അമിക്കസ് ക്യൂറി ആധാരമാക്കിയത്. ഇതേ വകുപ്പ് ഉപയോഗിച്ച് കേരള സർക്കാർ 36ഉം തെലങ്കാന സർക്കാർ 14ഉം തമിഴ്നാട് നാലും കേസുകൾ പിൻവലിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുണ്ട്.
എം.പിമാർക്കും എം.എൽ.എമാർക്കും എതിരായ ക്രിമിനൽ കേസുകളിൽ അതിവേഗ വിചാരണ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവായ സുപ്രീംകോടതി അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് അമിക്കസ് ക്യുറി റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.