തമിഴ്നാടിനെ വിഭജിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: തമിഴ്‌നാടിനെ വിഭജിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാര്‍ലമെന്‍റിനെ അറിയിച്ചു. ഇങ്ങനെയൊരു ആലോചനയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ വിഭജിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും പറഞ്ഞു. ഡി.എം.കെ എം.പി എസ്. രാമലിംഗവും ഐ.ജി.കെ എം.പി ടി.ആര്‍. പരിവേന്ദറുമാണ് സഭയിൽ ഇക്കാര്യം ഉന്നയിച്ചത്.
തമിഴ്‌നാടിന്‍റെ പശ്ചിമ മേഖലയെ വിഭജിച്ച് കൊങ്കുനാട് എന്ന പേരില്‍ പുതിയ കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. തമിഴ് രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പിയുടെ നീക്കമെന്നായിരുന്നു ആരോപണം. എല്‍. മുരുകനെ കേന്ദ്ര മന്ത്രിയാക്കിയതിന് പിന്നാലെയാണ് കൊങ്കുനാടിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്.
വാര്‍ത്ത പുറത്തുവന്നതോടെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എ.ഐ.എ.ഡി.എം.കെയുടെ ശക്തിപ്രദേശമാണ് കൊങ്കുനാട്. ഇവിടെ കേന്ദ്രീകരിച്ച് കേന്ദ്ര ഭരണപ്രദേശം രൂപീകരിച്ചാല്‍ എ.ഐ.എ.ഡി.എം.കെയുടെ സഹായത്തോടെ തമിഴ്‌നാട്ടില്‍ ഇടമുറപ്പിക്കാം എന്നായിരുന്നു ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് വിചാരിച്ചതുപോലുള്ള പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് കേന്ദ്രം പിന്‍മാറുന്നതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.