കരാറുകാരന്‍റെ ആത്മഹത്യ: രാജിവെക്കില്ലെന്ന് ആവർത്തിച്ച് കർണാടക മന്ത്രി ഈശ്വരപ്പ
text_fieldsശിവമോഗ: സിവിൽ കോൺട്രാക്ടറും ബി.ജെ.പി പ്രവർത്തകനുമായ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്ന് രാജിവെക്കില്ലെന്ന് ആവർത്തിച്ച് കർണാടക ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ. വാട്‌സ്ആപ്പ് വഴി സന്ദേശം അയക്കുന്നതിനെ മരണക്കുറിപ്പ് എന്ന് വിളിക്കാനാവില്ലെന്നും ആരെങ്കിലും മൊബൈലിൽ നിന്ന് ടൈപ്പ് ചെയ്ത് അയച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികൾ സമർദ്ദം ശക്തമാക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
സന്തോഷിന്റെ മരണത്തിന് പിന്നിലെ ഗൂഢാലോചന വിശദമായി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായും പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലുമായും സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. പാർട്ടി ഹൈക്കമാൻഡിലെ ഉന്നത നേതാക്കളാരും തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഈശ്വരപ്പ വ്യക്തമാക്കി.
കരാർ പ്രവൃത്തിക്ക് 40 ശതമാനം കമീഷൻ മന്ത്രിയും സഹായികളും ആവശ്യപ്പെട്ടതായി സന്തോഷ് നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്തോഷ് പാട്ടീലിനെ ചൊവ്വാഴ്ച രാവിലെ ഉഡുപ്പിയിലെ ഹോട്ടൽ മുറിയിൽ വിഷംകഴിച്ച് മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരണത്തിന് ഉത്തരവാദി മന്ത്രി ഈശ്വരപ്പയാണെന്ന് സൂചിപ്പിച്ചുള്ള സന്ദേശം സന്തോഷ് സുഹ്യത്തിന് അയച്ചിരുന്നു.
സന്തോഷിന്‍റെ ബന്ധു പ്രശാന്ത് പാട്ടീൽ നൽകിയ പരാതിയിൽ ആത്മഹത്യ പ്രേരണ കുറ്റം (ഐ.പി.സി 306 വകുപ്പ്) ചുമത്തിയാണ് ബി.ജെ.പി മന്ത്രിക്കും സഹായികളായ ബസവരാജു, രമേശ്, എന്നിവർക്കെതിരെ ഉഡുപ്പി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.