ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാകിസ്താൻ എന്ന് വിളിക്കരുതെന്ന് സുപ്രീംകോടതി. ആ വിളി അടിസ്ഥാനപരമായി രാജ്യത്തിന്റെ അഖണ്ഡതക്കെതിരാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഓർമിപ്പിച്ചു. രണ്ട് വ്യത്യസ്ത സന്ദർഭങ്ങളിലായി മുസ്ലിംകളെയും സ്ത്രീത്വത്തെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയ കർണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയുടെ മാപ്പപേക്ഷ അംഗീകരിച്ചാണ് പരമോന്നത കോടതിയുടെ ഓർമപ്പെടുത്തൽ. ജഡ്ജി മാപ്പു പറഞ്ഞത് പരിഗണിച്ച് അദ്ദേഹത്തിനെതിരെ സുപ്രീംകോടതി സ്വമേധയ എടുത്ത കേസ് തീർപ്പാക്കുകയും ചെയ്തു.
പടിഞ്ഞാറൻ ബംഗളൂരുവിൽ മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന മേഖലയെ പാകിസ്താൻ എന്ന് വിളിച്ച ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദ വനിത അഭിഭാഷകയോട് അടിവസ്ത്ര പരാമർശവും നടത്തി. തന്റെ എതിർകക്ഷിയെക്കുറിച്ച് നന്നായി അറിയുന്ന അഭിഭാഷക അയാളുടെ അടിവസ്ത്രത്തിന്റെ നിറം വരെ വെളിപ്പെടുത്തിയെന്നാണ് ശ്രീശാനന്ദ പറഞ്ഞത്. രണ്ട് വിഡിയോകളും വൈറലായതോടെ രൂക്ഷമായ വിമർശനമാണ് ജഡ്ജി നേരിട്ടത്. തുടർന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അധ്യക്ഷതയിൽ അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് സ്വമേധയ കേസെടുക്കുകയായിരുന്നു.
ജഡ്ജിമാരുടെ ഇതുപോലുള്ള നിരീക്ഷണങ്ങൾ ഏതെങ്കിലുമൊരു സമുദായത്തെയോ ലിംഗത്തെയോ ഉദ്ദേശിച്ചാകുമ്പോൾ വ്യക്തിപരമായ പക്ഷപാതങ്ങളാണ് സൂചിപ്പിക്കുന്നതെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത്, ഋഷികേശ് റോയ് എന്നിവർകൂടി അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. പുരുഷാധിപത്യ- സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുമ്പോൾ ജാഗ്രത വേണം. സമൂഹമാധ്യമങ്ങളുടെ കാലത്ത് നടത്തുന്ന ഏത് നിരീക്ഷണവും ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇതേക്കുറിച്ച് ജഡ്ജിമാർ ബോധവാന്മാരായിരിക്കണമെന്നും അഞ്ചംഗ ബെഞ്ച് ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.