മലിനീകരണത്തെ പ്രോൽസാഹിപ്പിക്കുന്ന പ്രവർത്തനം ഒരു മതവും അംഗീകരിക്കുന്നില്ല; പടക്ക നിരോധനത്തിൽ സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വായുമലിനീകരണത്തിന് കാരണമാവുന്ന പ്രവർത്തനത്തെ ഒരു മതവും അംഗീകരിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡൽഹിയിലെ പടക്കങ്ങളുടെ ഉപയോഗം വായുമലിനീകരണത്തിന് കാരണമായിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സുപ്രീംകോടതിയുടെ പരാമർശം.
മലിനീകരണമില്ലാത്ത സമൂഹത്തിൽ ജീവിക്കുകയെന്നത് എല്ലാ പൗരൻമാരുടേയും മൗലികാവകാശമാണ്. ആർട്ടിക്കിൾ 21 പ്രകാരം ഭരണഘടന ഇത് ഉറപ്പ് നൽകുന്നുണ്ട്. ഒരു മതവും മലിനീകരണമുണ്ടാക്കുന്ന പ്രവർത്തനം അംഗീകരിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പടക്കം പൊട്ടിക്കുന്നത് വഴി ഈ മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്നും ജസ്റ്റിസ് അഭയ് എസ് ഓഖ, എ.ജി മാസിഹ് എന്നിവരാണ് നിരീക്ഷിച്ചത്.
ഡൽഹിയിൽ പടക്കങ്ങളുടെ ഉപയോഗവും നിർമാണവും നിരോധിക്കുന്നത് ഒക്ടോബർ മുതൽ ജനുവരി മാസത്തേക്ക് മാത്രമായി ഒതുക്കുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. വർഷം മുഴുവൻ നിരോധനം ഏർപ്പെടുത്തിക്കൂടെയെന്നും കോടതി ചോദിച്ചു.
പടക്കനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിന് പ്രത്യേക സെൽ രുപീകരിക്കാൻ ഡൽഹി പൊലീസിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. നവംബർ 25ന് മുമ്പായി ഇതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമർപ്പിക്കണം. മുഴുവൻ പടക്ക നിർമാതാക്കൾക്കും നിരോധനം സംബന്ധിച്ച് നോട്ടീസ് നൽകണം.
ഓൺലൈനിലൂടെയുള്ള പടക്കവിൽപനയും നിരോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വായുമലിനീകരണം നിയന്ത്രിക്കാൻ സ്വീകരിക്കാൻ നടപടികൾ അറിയിക്കാൻ ഡൽഹി സർക്കാറിനോടും കോടതി നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.