ഇന്ത്യാക്കാരെ യുക്രെയ്നിൽ ബന്ദിയാക്കിയിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി
text_fieldsന്യൂഡൽഹി: ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യുക്രെയ്ൻ ഇന്ത്യക്കാരെ ബന്ദികളാക്കി മനുഷ്യകവചമാക്കുകയാണെന്ന് റഷ്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ വക്താവിന്‍റെ പ്രതികരണം.
ഖാർകിവിലും മറ്റും കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭഗത്തേക്ക് എത്തിച്ചേരുന്നതിനായി ട്രെയിൻ സർവീസ് ഏർപ്പാടാക്കാൻ വിദേശ മന്ത്രാലയം യുക്രെയ്നിയൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാദൗത്യത്തിന് സഹകരിക്കുന്ന യുക്രെയ്ൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു.
ഇന്ത്യക്കാർക്ക് താമസം അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന യുക്രൈന്റെ പടിഞ്ഞാൻ അതിർത്തിയിലെ രാജ്യങ്ങൾക്കും വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. റഷ്യ, റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നീ രാജ്യങ്ങളുമായി രക്ഷാദൗത്യം ഏകോപിപ്പിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരുമായി ഇന്ത്യൻ എംബസി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും പ്രസ്താവനയിലൂടെ ബാഗ്ചി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.