രാജിയില്ല, സി.ബി.ഐ അന്വേഷണവും -സിദ്ധരാമയ്യ
text_fieldsബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ അഴിമതിയാരോപണം ആവർത്തിച്ച് നിഷേധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. ആരോപണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ബി.ജെ.പി ആവശ്യവും മുഖ്യമന്ത്രി തള്ളി.
താൻ തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവർത്തിച്ചു. തനിക്കെതിരായ പ്രതിപക്ഷ ആരോപണം രാഷ്ട്രീയപ്രേരിതമാണ്. താൻ മുഖ്യമന്ത്രിയായതിന്റെ പേരിൽ തന്റെ ഭാര്യ അവരുടെ ഭൂമി ഉപേക്ഷിക്കണമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ പാർവതിയുടെ പേരിലുള്ള നാലേക്കറോളം വരുന്ന ഭൂമി നടപടിക്രമങ്ങൾ പാലിക്കാതെ ഏറ്റെടുക്കുകയും പകരം മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിക്ക് (മുഡ) കീഴിലെ തന്ത്രപ്രധാനമായ പ്ലോട്ട് അനുവദിക്കുകയും ചെയ്തെന്നാണ് പ്രതിപക്ഷ ആരോപണം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ഇതേ ആവശ്യമുന്നയിച്ച് ബി.ജെ.പി മൈസൂരു ഘടകത്തിന്റെ നേതൃത്വത്തിൽ മുഡ ഓഫിസിനു മുന്നിൽ ധർണ നടത്തി. ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തുനീക്കി.
മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ‘50: 50 അനുപാതം’ പദ്ധതി പ്രകാരമാണ് ഭൂമി കൈമാറിയിട്ടുള്ളതെന്ന് സിദ്ധരാമയ്യ വിശദീകരിച്ചിരുന്നു. ഭാര്യയുടെ പേരിലുള്ള ഭൂമിയിൽ മൈസൂരു വികസന അതോറിറ്റി (മുഡ) ലേഔട്ട് ഉണ്ടാക്കി പ്ലോട്ടുകൾ വിറ്റു. ഇതിനു പകരമായാണ് ഭൂമി നൽകിയത്. തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ഔദ്യോഗികമായി ഏറ്റെടുക്കാതെയാണ് മുഡ പ്ലോട്ടുകളാക്കി വിറ്റത്.
ഭാര്യക്ക് ഭൂമി നൽകിയത് തന്റെ ഭരണകാലത്തല്ല. ബി.ജെ.പി ഭരണകാലത്താണ്. ഭാര്യാ സഹോദരൻ മല്ലികാർജുന 1996ൽ വാങ്ങിയ മൂന്ന് ഏക്കർ 36 ഗുണ്ഡ സ്ഥലം (ഒരു ഏക്കർ എന്നാൽ 40 ഗുണ്ഡ) പിന്നീട് സഹോദരിക്ക് ഇഷ്ടദാനമായി കൈമാറുകയായിരുന്നു. മൈസൂരു വികസന അതോറിറ്റി ഈ സ്ഥലം അക്വയർ ചെയ്തിരുന്നില്ല. എന്നാൽ, പ്ലോട്ടുകൾ രൂപപ്പെടുത്തി അവ വിറ്റു. ഇതോടെ, ഭാര്യയുടെ ഭൂമി നഷ്ടപ്പെട്ടു.
ഇതിനെ കുറിച്ച് മൈസൂരു വികസന അതോറിറ്റിയോട് ചോദിച്ചപ്പോൾ, 50:50 അനുപാത പദ്ധതിപ്രകാരം ഭൂമി പകരം നൽകാമെന്ന് അവർ പറഞ്ഞു. ഞങ്ങൾ അത് സമ്മതിച്ചു. നഷ്ടപ്പെട്ട ഭൂമിക്ക് തുല്യമായ ഭൂമി പലയിടങ്ങളിലായി അതോറിറ്റി നൽകി. അതിലെന്താണ് തെറ്റെന്ന് സിദ്ധരാമയ്യ ചോദിച്ചു.
എന്നാൽ, ഉയർന്ന ഭൂവിലയുള്ള പ്ലോട്ടുകളാണ് സിദ്ധരാമയ്യയുടെ ഭാര്യക്ക് മുഡ അനുവദിച്ചതെന്നും ഇത് ക്രമവിരുദ്ധമാണെന്നുമാണ് പ്രധാന ആക്ഷേപം. ഇതു സംബന്ധിച്ച അന്വേഷണത്തിന് അർബൻ അതോറിറ്റി കമീഷണർ ആർ. വെങ്കടചലപതിയുടെ നേതൃത്വത്തിലുള്ള പാനലിനെ കർണാടക സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ടൗൺ ആൻഡ് കൺട്രി പ്ലാനിങ് അഡീ. ഡയറക്ടർ എം.സി. ശശികുമാർ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് കമീഷണറേറ്റ് ജോയന്റ് ഡയറക്ടർ ശന്താല, ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് എന്നിവരാണ് അന്വേഷണ പാനൽ അംഗങ്ങൾ. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.