ചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യൻ സൈനികർക്ക് അനുമതി
text_fieldsചൈനീസ് നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ ഇന്ത്യൻ സൈനികർക്ക് അനുമതിന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) തോക്ക് ഉപയോഗിക്കാൻ ഇന്ത്യൻ സൈനികർക്ക് അനുമതി. ഇന്ത്യൻ സൈന്യത്തിന്‍റെ റൂൾസ് ഓഫ് എൻഗേജ്മെന്‍റിൽ മാറ്റം വരുത്തിയാണ് അസാധാരണ സാഹചര്യങ്ങളിൽ യഥാർഥ നിയന്ത്രണ രേഖയിൽ തോക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതെന്ന് രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ചൈനയുമായി 1996ലും 2005ലും ഉണ്ടാക്കിയ ധാരണ പ്രകാരം നിയന്ത്രണരേഖയിൽ രണ്ട് കിലോമീറ്റർ പരിധിയിൽ സൈനികർ തോക്ക് ഉപയോഗിക്കുകയോ സ്ഫോടനങ്ങൾ നടത്തുകയോ ചെയ്യരുത്. ഇതുമായി ബന്ധപ്പെട്ട നിർദേശത്തിനാണ് ഇന്ത്യൻ സൈന്യം ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.
ലഡാക്കിലെ ഗൽവാൻ വാലിയിൽ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടി. 45 വർഷത്തിന് ശേഷം ചൈനയുമായുണ്ടാകുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലാണ് കഴിഞ്ഞ തിങ്കളാഴ്ച ഗൽവാനിലുണ്ടായത്.
അതിർത്തിയിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം സൈന്യത്തിന് നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സർവകക്ഷി യോഗത്തിൽ പറഞ്ഞിരുന്നു.
റൂൾസ് ഓഫ് എൻഗേജ്മെന്‍റിൽ മാറ്റം വരുത്തിയതോടെ യഥാർഥ നിയന്ത്രണ രേഖയിൽ സാഹചര്യങ്ങൾക്കനുസരിച്ച് അനുയോജ്യ നടപടിയെടുക്കാൻ സൈന്യത്തിന് ഇനി തടസമില്ലെന്ന് ഉദ്യോഗസ്ഥരിലൊരാൾ വ്യക്തമാക്കി. ചൈനീസ് സൈന്യത്തിന്‍റെ ക്രൂരമായ തന്ത്രങ്ങളെ നേരിടാനാണ് റൂൾസ് ഓഫ് എൻഗേജ്മെന്‍റിൽ മാറ്റം വരുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഗൽവാൻ ഏറ്റുമുട്ടലിന് മുമ്പായി രണ്ടുതവണ ചൈനീസ് സേനയുമായി സംഘർഷമുണ്ടായിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. മേയ് അഞ്ച്-ആറ് തിയതികളിൽ പാങ്ഗോങ് ടോയിലും മേയ് മധ്യത്തോടെ ഗൽവാനിലുമായിരുന്നു ഇത്. വൻ സന്നാഹത്തോടെ എത്തിയ ചൈനീസ് സൈന്യം ഇരുമ്പുവടികളും ആണിയടിച്ച പട്ടികയുമായി വലിയ ആക്രമണം അഴിച്ചുവിട്ടു. നമ്മുടെ സൈനികർ ധീരമായി നേരിട്ടു. എന്നാൽ, റൂൾസ് ഓഫ് എൻഗേജ്മെന്‍റ് മാറ്റം വരുത്തേണ്ടതുണ്ട്.
എൽ.എ.സിയിൽ പട്രോളിങ് നടത്തുന്ന സൈനികർക്ക് ആയുധങ്ങൾ കരുതാൻ അനുവാദമുണ്ടെന്നും ഗൽവാൻ താഴ്വരയിലുണ്ടായ പോലെ അസാധാരണ സാഹചര്യത്തിൽ തോക്കുകൾ ഉപയോഗിക്കാമെന്നും മുൻ നോർതേൺ ആർമി കമാൻഡർ ലെഫ്. ജനറൽ ബി.എസ്. ജസ്വാൾ പറയുന്നു.
ജൂൺ 15ന് ഏറ്റുമുട്ടൽ നടക്കുമ്പോൾ ഇന്ത്യൻ സൈനികരുടെ കൈവശം തോക്കുകളും സ്ഫോടക വസ്തുക്കളുമുണ്ടായിരുന്നു. എന്നാൽ, അതിർത്തിയിലെ ധാരണ അനുസരിക്കുന്നതിന്‍റെ ഭാഗമായാണ് അവ പ്രയോഗിക്കാതിരുന്നതെന്ന് കേന്ദ്ര സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. സൈനികരെ നിരായുധരായാണോ അതിർത്തിയിലേക്ക് അയച്ചതെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് പിന്നാലെയാണ് കേന്ദ്രം ഈ മറുപടി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.