വിമാനത്തിൽ ഇന്ത്യൻ സംഗീതം നിർബന്ധമാക്കുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്നുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ നേരത്തെയുള്ള നിർദേശം വിവാദമായിരുന്നു. ഇന്ത്യൻ കൗൺസൽ ഓഫ് കൾച്ചറൽ റിസർച്ചിന്‍റെ അഭ്യർഥന പ്രകാരമാണ് വ്യോമയാന മന്ത്രാലയം വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ഇതുസംബന്ധിച്ച് കത്തയച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണ് കേന്ദ്രം.
വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം നിർബന്ധമാക്കാനുള്ള യാതൊരു പദ്ധതിയുമില്ലെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ. സിങ് വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യസഭയിൽ കോൺഗ്രസ് എം.പി അംബിക സോണിയുടെ ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കഴിഞ്ഞ ഡിസംബറിലായിരുന്നു വ്യോമയാന മന്ത്രാലയം ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി വിമാന കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കത്തയച്ചത്. 'ലോകമെമ്പാടുമുള്ള വിമാനങ്ങളിൽ വെയ്ക്കുന്ന സംഗീതം അതത് രാജ്യങ്ങൾക്ക് പ്രധാനപ്പെട്ടവയാണ്. ഉദാഹരണത്തിന് അമേരിക്കൻ വിമാനങ്ങളിൽ ജാസ്, ഓസ്ട്രിയൻ എയർലൈനുകളിൽ മൊസാർട്ട്, മിഡിൽ ഈസ്റ്റിൽനിന്നുള്ളവയിൽ അറബ് സംഗീതം. എന്നാൽ ഇന്ത്യൻ വിമാനങ്ങളിൽ നമ്മുടെ സംഗീതം വെക്കുന്നത് വിരളമാണ്. എന്നാൽ നമ്മുടെ സംഗീതത്തിന് ഒരു സമ്പന്ന പാരമ്പര്യവും സംസ്കാരവും ഉൾക്കൊള്ളുന്നു. ഇതിനുപുറമെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കതക്ക നിരവധി കാര്യങ്ങളും ഉൾപ്പെടുന്നു' -വ്യോമയാന മന്ത്രാലയം ജോയന്‍റ് സെക്രട്ടറി ഉഷ പധീ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനും വിമാനത്താവള അതോറിറ്റിക്കും അയച്ച കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.