ബംഗാൾ തെരഞ്ഞെടുപ്പ്: ബി.ജെ.പിയുടെ അന്തിമ പട്ടികയിലും മിഥുൻ ചക്രവർത്തിക്ക് സീറ്റില്ല
text_fieldsകൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പശ്ചിമ ബംഗാൾ ബി.ജെ.പിയുടെ അന്തിമ പട്ടികയിലും അടുത്തിടെ പാർട്ടിയിൽ ചേർന്ന നടൻ മിഥുൻ ചക്രവർത്തിക്ക് സീറ്റില്ല. 13 സീറ്റിലേക്കുള്ള അന്തിമ പട്ടികയിലേക്കും മിഥുനെ പരിഗണിച്ചില്ല.
ബംഗാളി സിനിമയുടെ 'ദാദ'എന്നറിയപ്പെടുന്ന മിഥുൻ ചക്രവർത്തി റാസ്ബിഹാരിയിൽ നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സീറ്റ് റിട്ട. ലെഫ്നന്റ് ജനറൽ സുബ്രത സാഹക്കായി പാർട്ടി നീക്കി വെക്കുകയായിരുന്നു. അതിർത്തിയിൽ സംഘർഷം രൂക്ഷമായിരുന്ന കാലഘട്ടത്തിൽ കശ്മീരിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു സുബ്രത.
സൗത്ത് കൊൽക്കത്ത സുപ്രധാനമായ സീറ്റിൽ മിഥുൻ ചക്രവർത്തിയെ മത്സരിപ്പിക്കുമെന്ന് ചില ബി.ജെ.പി കേന്ദ്രങ്ങളിൽ നിന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ച കൊൽക്കത്ത ബ്രിഗേഡ് ഗ്രൗണ്ടിലെ മെഗാ റാലിയിൽ വെച്ച് മാർച്ച് ഏഴിനാണ് മിഥുൻ ബി.ജെ.പിയിൽ ചേർന്നത്.
കഴിഞ്ഞ ആഴ്ച മുംബൈയിൽ നിന്നും തന്‍റെ വോട്ട് അദ്ദേഹം കൊൽക്കത്തയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ബി.ജെ.പി ടിക്കറ്റിൽ ജനവിധി തേടാനുള്ള താരത്തിന്‍റെ ആഗ്രഹം നിറവേറുമെന്ന കാര്യത്തിൽ തീർച്ചയില്ല. എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഏപ്രിൽ പകുതിയോടെ മാത്രമേ അവസാനിക്കുകയുള്ളൂ.
മാർച്ച് 30ന് സുവേന്ദു അധികാരിക്ക്വേണ്ടി പ്രചാരണം നടത്തുന്നതിനായി മിഥുൻ നന്ദിഗ്രാമിൽ എത്തുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റോഡ്ഷോയിൽ പങ്കെടുത്തേക്കും.
ഒരുകാലത്ത് കടുത്ത ഇടത് അനുഭാവിയായിരുന്ന മിഥുൻ ചക്രവർത്തി പിന്നീട് തൃണമൂൽ ടിക്കറ്റിൽ രാജ്യസഭയിലെത്തിയിരുന്നു. ശാരദ ചിട്ടി ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ ആരോപണവിധേയനായതിനെ തുടർന്ന് നാലുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലായിരുന്നു അദ്ദേഹം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.