പ്രിയങ്കയെ തടഞ്ഞ യു.പി പൊലീസിനെ ന്യായീകരിച്ച് സി.ആർ.പി.എഫ്
text_fieldsലഖ്നോ: ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ കൈയേറ്റം ചെയ്തുവെന്ന് ആരോപണം ഉയർന്ന യു.പി പൊലീസിനെ പിന്തുണച്ച് സി.ആർ.പി.എഫ്. പൊലീസ് തള്ളിയിട്ടുവെന്ന ആരോപണം ശരിയല്ലെന്നും പൊലീസ് ഉദ്യോഗസ്ഥ തടഞ്ഞപ്പോൾ പ്രിയങ്ക നിയന്ത്രണം തെറ്റി നിലത്തു വീണതാണെന്നുമാണ്, സുരക്ഷാ ചുമതലയുള്ള അർധസൈനിക വിഭാഗമായ സി.ആർ.പി.എഫ് അധികൃതർ വാദിക്കുന്നത്.
കോൺഗ്രസ് നേതാവിെൻറ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് മേലുദ്യോഗസ്ഥർക്കു നൽകിയ റിപ്പോർട്ടിലാണ് യു.പി പൊലീസിനെ ന്യായീകരിക്കുന്നത്. ഇസഡ് കാറ്റഗറി സംവിധാനമുള്ള സുരക്ഷാ സംവിധാനത്തിൽ വീഴ്ച ഉണ്ടായില്ലെന്ന് പറഞ്ഞ് സി.ആർ.പി.എഫ് ഐ.ജി പ്രിയങ്കക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
‘‘എവിടേക്കാണ് പോകുന്നത് എന്ന് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതിനാൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഇൻസ്പെക്ടറും ഫ്ലീറ്റ് കമാൻഡർ അർച്ചനയും പ്രിയങ്ക ഗാന്ധിയെ തടയാൻ ശ്രമിച്ചു. ഇവരെ മറികടക്കാൻ ശ്രമിച്ചപ്പോൾ പ്രിയങ്ക ബാലൻസ് തെറ്റി വീഴുകയായിരുന്നു’’ -ഡ്യൂട്ടി ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ഉദ്ധരിച്ച് മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
സുരക്ഷാ വീഴ്ച ഉണ്ടായിരുന്നുവെന്ന പ്രിയങ്കയുടെ ആരോപണം നിഷേധിച്ച സി.ആർ.പി.എഫ് ഇൻറലിജൻസ് ഐ.ജി പി.കെ. സിങ്, യാത്രാ പദ്ധതി അറിയിക്കാതിരുന്നിട്ടും ഏറ്റവും മികച്ച സുരക്ഷയാണ് പ്രിയങ്കക്ക് ഒരുക്കിയതെന്ന് അവകാശപ്പെട്ടു. ലഖ്നോവിൽ അരങ്ങേറിയ സംഭവവികാസങ്ങൾക്ക് കാരണമായത് പ്രിയങ്കയുടെ മൂന്ന് നിയമലംഘനങ്ങളാണെന്ന് സി.ആർ.പി.എഫ് മാധ്യമങ്ങൾക്കു നൽകിയ പ്രസ്താവനയിലും പറയുന്നു.
സേനയെ അറിയിക്കാതെയുള്ള നീക്കങ്ങൾ കാരണം മുൻകൂർ സുരക്ഷ ഒരുക്കാൻ സാധിച്ചില്ല, വെടിയുണ്ടയെ പ്രതിരോധിക്കാത്ത സിവിൽ വാഹനം യാത്രക്കിടയിൽ ഉപയോഗിച്ചു, സ്കൂട്ടറിെൻറ പിന്നിൽ യാത്ര ചെയ്തു എന്നീ ചട്ടലംഘനങ്ങളാണ് ഉണ്ടായതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി. അന്യായമായി അറസ്റ്റ് ചെയ്ത സാമൂഹിക പ്രവർത്തകനും മുൻ ഐ.പി.എസുകാരനുമായ എസ്.ആർ. ദാരാപുരിയുടെ വസതി സന്ദർശിക്കാനെത്തിയ പ്രിയങ്കയെ തടയാൻ യു.പി പൊലീസ് ശ്രമിെച്ചങ്കിലും അതിനെയെല്ലാം മറികടന്ന് നടന്നു പോകവെ തടഞ്ഞ് കഴുത്തിനു പിടിച്ചു തള്ളി നിലത്തിട്ടെന്നായിരുന്നു പ്രിയങ്ക സി.ആർ.പി.എഫ് ഐ.ജിക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.