ഭാരത് ജോഡോ യാത്രയിലെ സുരക്ഷാ വീഴ്ച നിഷേധിച്ച് കശ്മീർ പൊലീസ്
text_fieldsശ്രീനഗർ: സുരക്ഷാ വീഴ്ച ആരോപിച്ച് കോൺഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര താൽക്കാലികമായി നിർത്തിവെച്ചതിന് പിന്നാലെ ആരോപണം നിഷേധിച്ച് ജമ്മു കശ്മീർ പൊലീസ്. തങ്ങളോട് കൂടിയാലോചന നടത്താതെയാണ് യാത്ര അവസാനിപ്പിച്ചതെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ജമ്മു കശ്മീർ പൊലീസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പ്രതികരണം. പ്രദേശത്ത് 15 കമ്പനി സി.ആർ.പി.എഫിനെയും, പത്ത് കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നതായി പൊലീസ് വിശദീകരിച്ചു. "ഒരു കിലോമീറ്റർ പിന്നിട്ട ശേഷം യാത്ര നിർത്തിവെക്കാൻ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊലീസുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഒരു കിലോമീറ്ററോളം യാത്ര സമാധാനപരമായാണ് നീങ്ങിയത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ല. പഴുതടച്ച സുരഷയാണ് യാത്രക്ക് വേണ്ടി ഒരുക്കിയത്"- ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. നേതാക്കളെയും സംഘാടകരെയും പരിശോധനക്ക് വിധേയരായ ജനക്കൂട്ടത്തെയും മാത്രമാണ് യാത്രയിലേക്ക് കടത്തിവിട്ടതെന്നും പൊലീസ് പറഞ്ഞു.
ബി.ജെ.വൈയുടെ വലിയൊരു സംഘം യാത്രയിൽ ചേരുന്നതിനെ കുറിച്ച് സംഘാടകർ നേരത്തെ അറിയിച്ചിരുന്നില്ലെന്നും ഇവരുടെ കടന്ന് വരവാണ് തിക്കിനും തിരക്കിനും കാരണമായതെന്നും പൊലീസ് ആരോപിച്ചു.
വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ പര്യടനം തുടങ്ങി ബനിഹാൽ ടവറിൽ വെച്ചാണ് സുരക്ഷ ഒരുക്കിയിരുന്ന സി.ആർ.പി.എഫ് സേനാംഗങ്ങളെ പിൻവലിച്ചതെന്ന് കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടി. തുടർന്ന് രാഹുൽ ഗാന്ധിക്ക് മാത്രമായി ഏർപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് യാത്രയിൽ തുടർന്നുണ്ടായിരുന്നതെന്നും അവർ ആരോപിച്ചു. ഇതേതുടർന്ന് വൻ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറുകയും രാഹുലിന്‍റെ സമീപത്തേക്ക് വരുകയും ചെയ്തു. ഇതോടെ, യാത്ര താൽകാലിമായി നിർത്തിവെച്ച് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായരുന്നു. സുരക്ഷ ഉറപ്പാക്കിയ ശേഷം യാത്ര പുനരാരംഭിക്കാനാണ് കോൺഗ്രസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.