അധിനിവേശ കാലത്ത് തകർക്കപ്പെട്ട ക്ഷേത്രങ്ങളെ കുറിച്ച് പറയുന്നതിൽ അർത്ഥമില്ല -സദ്ഗുരു
text_fieldsചരിത്രം തിരുത്തിയെഴുതാൻ കഴിയാത്തതിനാൽ, അധിനിവേശ സമയത്ത് തകർക്കപ്പെട്ട ആയിരക്കണക്കിന് ക്ഷേത്രങ്ങളെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നതിൽ അർത്ഥമില്ലെന്ന് ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു. 'ഇന്ത്യാ ടുഡേ' ന്യൂസ് ഡയറക്ടർ രാഹുൽ കൻവാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആയിരക്കണക്കിന് ക്ഷേത്രങ്ങൾ അധിനിവേശ വേളയിൽ തകർക്കപ്പെട്ടു. ഞങ്ങൾക്ക് അവ സംരക്ഷിക്കാൻ അന്ന് കഴിഞ്ഞില്ല. ഇപ്പോൾ അവയെ കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ല. കാരണം നിങ്ങൾക്ക് ചരിത്രം തിരുത്തിയെഴുതാൻ കഴിയില്ല" -അദ്ദേഹം പറഞ്ഞു.
"ഇരു സമുദായങ്ങളും (ഹിന്ദുവും മുസ്‍ലിംകളും) ഒന്നിച്ചിരുന്ന് തർക്ക പ്രദേശങ്ങളെ സംബന്ധിച്ച് സംസാരിച്ച് അത് പരിഹരിക്കണം. സമുദായങ്ങൾ തമ്മിലുള്ള വിവാദങ്ങളും അനാവശ്യ ശത്രുതയും നിലനിർത്തുന്നതിന് പകരം ചർച്ചയാണ് പരിഹാരം. ചിലർ കൊടുക്കുകയും വാങ്ങുകയും ചെയ്യുക. അതാണ് രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി. നമ്മൾ ഹിന്ദു സമൂഹത്തെയും മുസ്ലീം സമുദായത്തെയും കുറിച്ച് ചിന്തിക്കരുത്.
ഇപ്പോൾ നടക്കുന്ന ഗ്യാൻവാപി മസ്ജിദ് വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സദ്ഗുരു പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിന്നു.''ഇന്ത്യ ഇപ്പോൾ ഒരു നിർണായക ഘട്ടത്തിലാണ്. ഈ സമയത്ത് നമ്മൾ കാര്യങ്ങൾ ശരിയായി ചെയ്താൽ, ഇന്ത്യക്ക് ലോകത്തിലെ ഒരു പ്രധാന ശക്തിയാകാൻ കഴിയും. എല്ലാം വലിയ തർക്കമാക്കി നമ്മൾ അത് പാഴാക്കരുത്. മന്ദിർ-മസ്ജിദ് തർക്കങ്ങൾ വിവാദമാക്കരുതെന്ന് ഞാൻ ജനങ്ങളോടും വാർത്താ ഏജൻസികളോടും അഭ്യർത്ഥിക്കുന്നു. എന്നാൽ പരിഹാരങ്ങളിലേക്ക് നീങ്ങുക. തീർപ്പാക്കാൻ കഴിയാത്ത ഒരു തർക്കവുമില്ല. ആളുകളുടെ ഹൃദയത്തിൽ വേദനയുണ്ട്. അതിനാൽ അനന്തമായി തർക്കിക്കുന്നതിന് പകരം ഇരുന്ന് സംസാരിക്കണം. സജീവ രാഷ്ട്രീയത്തിലുള്ളവരെ ഇതിൽ നിന്ന് മാറ്റിനിർത്തണം. കാരണം ഇത് ആർക്കും രാഷ്ട്രീയ മൈലേജായി മാറരുത്" -അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദിയും ദക്ഷിണേന്ത്യൻ ഭാഷകളും തമ്മിലുള്ള തർക്കം സംബന്ധിച്ചും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായി. "ഇന്ത്യയിൽ എല്ലാ ഭാഷകൾക്കും തുല്യ സ്ഥാനമുണ്ട്. ദക്ഷിണേന്ത്യൻ ഭാഷകളിൽ ഹിന്ദിയേക്കാൾ കൂടുതൽ സാഹിത്യമുണ്ട്. യഥാർത്ഥത്തിൽ ഇന്ത്യ ഒന്നിന്റെയും സമാനതയിൽ രൂപപ്പെടാത്ത ഒരു അതുല്യ രാഷ്ട്രമാണ്. നമ്മൾ ഒരു കാലിഡോസ്കോപ്പ് ആണ് - അതാണ് നാടിന്റെ ഭംഗി. നമ്മൾ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിച്ചപ്പോൾ, എല്ലാ ഭാഷകളും ബഹുമാനിക്കപ്പെടുമെന്നത് സ്വാഭാവിക വാഗ്ദാനമായിരുന്നു. ദയവായി അത് അങ്ങനെ തന്നെ നിലനിർത്തുക. ഒരു പ്രത്യേക ഭാഷയിൽ കൂടുതൽ സംസാരിക്കുന്നവർ ഉള്ളതുകൊണ്ട് രാജ്യത്തിന്റെ അടിസ്ഥാന ധാർമ്മികത മാറ്റരുത് " -സദ്ഗുരു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.