ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് വൈകും; പകരം ജില്ല കൗൺസിൽ രൂപവത്കരണവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: മെഹ്ബൂബ മുഫ്തി ഉൾപ്പെടെ എല്ലാ മുതിർന്ന രാഷ്ട്രീയ നേതാക്കളെയും തടങ്കലിൽ നിന്ന് മോചിപ്പിച്ചതിന് പിന്നാലെ ജമ്മു കശ്മീർ പഞ്ചായത്തീ രാജ് നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ. ഓരോ ജില്ലയിലും നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ജില്ല വികസന സമിതികൾ രൂപീകരിക്കാൻ ഭേദഗതി വഴിയൊരുക്കും. ഇതോടെ, ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരും. കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനങ്ങളെ പാടെ ഇല്ലാതാക്കി ഉദ്യോഗസ്ഥരുടെയും പട്ടാളത്തിന്‍റെയും നേതൃത്വത്തിൽ ഭരണം നടത്താനുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നു.
ഓരോ ജില്ലയെയും 14 ചെറു മണ്ഡലങ്ങളാക്കി തിരിച്ചാണ് ജില്ല വികസന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുക. തെരഞ്ഞെടുക്കപ്പെടുന്നവർ ചേർന്ന് വികസന സമിതി അധ്യക്ഷനെയും ഉപാധ്യക്ഷനെയും തീരുമാനിക്കും. നേരത്തെ, കശ്മീരിന് സംസ്ഥാന പദവി ഉണ്ടായിരുന്ന കാലത്തെ ജില്ല വികസന ബോർഡുകൾക്ക് പകരമായാണ് ജില്ല വികസന സമിതി പ്രവർത്തിക്കുക. നേരത്തെ, കാബിനറ്റ് മന്ത്രിയുടെ അധ്യക്ഷതയിൽ എം.എൽ.എ, എം.പി എന്നിവർ ഉൾപ്പെടുന്നതായിരുന്നു ജില്ല വികസന ബോർഡുകൾ.
കശ്മീരിന് സംസ്ഥാന പദവിയുണ്ടായിരുന്ന കാലത്ത് ജില്ല വികസന ബോർഡുകളായിരുന്നു വികസന പദ്ധതികളുടെയും ആസൂത്രണത്തിന്‍റെയും കേന്ദ്രം. ബോർഡ് അംഗീകരിക്കുന്ന പദ്ധതികൾ വഴിയായിരുന്നു ജില്ലകളിലേക്ക് ഫണ്ട് നൽകിയിരുന്നത്. പുതിയതായി വരുന്ന ജില്ല കൗൺസിൽ മണ്ഡലങ്ങളിലേക്ക് 10 ദിവസത്തിനകം തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കാൻ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.
അതേസമയം, പഞ്ചായത്തീ രാജ് നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ രംഗത്തുവന്നിരിക്കുകയാണ്. കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ അന്ത്യം കുറിക്കുന്നതാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കമെന്ന് പി.ഡി.പി നേതാവ് നയീം അക്തർ പറഞ്ഞു. അരാഷ്ട്രീയവത്കരണത്തോടൊപ്പം ഒന്നിച്ചൊരു ശബ്ദമുയരുന്നത് ഇല്ലാതാക്കുകയും ചെയ്യുകയാണ് കേന്ദ്രം. ജനങ്ങളെ ചെറു ഘടകങ്ങളാക്കി വിഭജിക്കുകയാണ്. വിഭജനത്തിന് മേൽ വീണ്ടും വിഭജനം കൊണ്ടുവരികയാണ്. ആർക്കാണ് നിയന്ത്രണം ആർക്കാണ് അധികാരം എന്ന് നിശ്ചയമില്ലാത്ത അവസ്ഥ വരും. അത്തരം ഘട്ടത്തിൽ ഉദ്യോഗസ്ഥരും പട്ടാളവുമായിരിക്കും കാര്യങ്ങൾ നിയന്ത്രിക്കുക -അക്തർ പറഞ്ഞു.
എം.എൽ.എമാരുടെ അധികാരം ഇല്ലാതാക്കുന്ന പുതിയ തീരുമാനം ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവും വ്യക്തമാക്കി.
അതേസമയം, എല്ലാ രാഷ്ട്രീയ നേതാക്കളെയും മോചിപ്പിച്ച സാഹചര്യത്തിൽ തദ്ദേശതലത്തിൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കാനുള്ള സമയമാണിതെന്ന് അധികൃതർ പറയുന്നു. ജില്ല സമിതിയിലേക്ക് മത്സരിക്കാൻ ഏതാനും എം.എൽ.എമാർ താൽപര്യം പ്രകടിപ്പിച്ചതായും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.