പാർട്ടിക്ക് സിഖ് മുഖമില്ല; പഞ്ചാബ് തെരഞ്ഞെടുപ്പ് നേരിടാൻ നേതാക്കളെ തിരഞ്ഞ് ബി.ജെ.പി
text_fieldsന്യൂഡൽഹി: 2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രമുഖ സിഖ് നേതാക്കളെ തിരഞ്ഞ് ബി.ജെ.പി. സിഖ് ഭൂരിപക്ഷ പ്രദേശമായ പഞ്ചാബിൽ പാർട്ടിക്ക് നേതാക്കൾ കുറവായത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
25 വർഷത്തിനുശേഷം ആദ്യമായാണ് പഞ്ചാബ് പിടിക്കാൻ ബി.ജെ.പിയുടെ ഒറ്റക്കുള്ള നീക്കം. സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടതോടെയാണ് പ്രതിസന്ധി.
കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നിയമങ്ങൾ ബി.ജെ.പിക്ക് ഏറ്റവും തലവേദന സൃഷ്ടിക്കുന്ന സംസ്ഥാനമാകും പഞ്ചാബ്. കൂടാതെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടതും ബി.ജെ.പിക്ക് തിരിച്ചടിയാകും. ശിരോമണി അകാലിദളും ബി.ജെ.പിയും തമ്മിലുള്ള 23 വർഷത്തെ കൂട്ടുക്കെട്ടിനാണ് സെപ്തംബറിൽ അവസാനമായത്. 1997 മുതൽ ഒരുമിച്ചായിരുന്നു ഇരുവരുടെയും മത്സരം.
പഞ്ചാബിലെ 117 സീറ്റിലും ബി.ജെ.പി മത്സര രംഗത്തിറങ്ങുമെന്നാണ് വിവരം. എന്നാൽ, മണ്ഡലാടിസ്ഥാനത്തിൽ സിഖ് നേതാക്കളെ അണിനിരത്താൻ ബി.ജെ.പിക്ക് കഴിയാറില്ല.
കോൺഗ്രസിെൻറ മുഖ്യമന്ത്രി കൂടിയായ അമരീന്ദർ സിങ്ങിനോടും ശിരോമണി അകാലിദളിൻറ പ്രകാശ് സിങ് ബാദലിനോടും ഏറ്റുമുട്ടാനൊരു സിഖ് നേതാവിനെ ബി.ജെ.പിക്ക് ഇതുവരെ പഞ്ചാബിൽ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് തിരിച്ചടിയാകുമെന്നാണ് കേന്ദ്രനേതൃത്വത്തിെൻറ കണക്കുകൂട്ടൽ.
പ്രതിസന്ധി നേരിടുന്നതിനാൽ ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളെ തെരഞ്ഞെടുപ്പ് നേരിടുന്നതിന് മുന്നോടിയായി ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ഒരോ മണ്ഡലത്തിലും പ്രതിജ്ഞാബദ്ധരായ 300-400 പാർട്ടിക്കാരെ തിരിച്ചറിയാനും പാർട്ടിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന സിഖ് നേതാക്കളെ അന്വേഷിക്കാനും പ്രാദേശിക ബി.ജെ.പി നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകിയതായാണ് വിവരം.
ജൂൺ 16ന് ഗുരു കാശി യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ജസ്വീന്ദർ സിങ് ദില്ലോൻൺ, അഭിഭാഷകരായ ഹരീന്ദർ സിങ് കാലോൺ, ജഗ്മോഹൻ സിങ് സായ്നി തുടങ്ങിയവർ ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാൽ, ഇവർക്കാർക്കും രാഷ്ട്രീയ മുഖം ഇല്ലാത്തതാണ് ബി.ജെ.പി തിരിച്ചടിയായി വിലയിരുത്തുന്നത്. ഇതോടെ സംസ്ഥാനത്തെ സിഖ് വിഭാഗത്തിലെ പ്രഫസർമാർ, വൈസ് ചാൻസലർമാർ, ഡോക്ടർമാർ, അഭിഭാഷകർ എന്നിവരുൾപ്പെടെ പ്രമുഖരെ പാർട്ടി കണ്ടെത്താൻ ശ്രമിക്കുന്നതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.