ശ്മശാനത്തിലെ ചൂളകൾ കേടായി; ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: കത്തിക്കാനുപയോഗിക്കുന്ന നാല് ചൂളകൾ കേടായതിനെ തുടർന്ന് ഡൽഹിയിലെ നിഗംബോധ് ഖട്ടിലെ ശ്മശാന അധികൃതർ കോവിഡ് ബാധിച്ച് മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ ലോക് നായക് ആശുപത്രിയിലേക്ക് തന്നെ തിരിച്ചയച്ചു. ശ്മശാനത്തിലെ ആറു ചൂളകളിൽ രണ്ടെണ്ണം മാത്രമാണ് പ്രവർത്തനക്ഷമമായിട്ടുള്ളത്.
സംസ്കരിക്കാൻ മറ്റ് നിർവാഹമില്ലാത്തതിനാലാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് തന്നെ തിരിച്ചയച്ചത്. അധിക ജോലി ചെയ്തിട്ടുകൂടി ഒരു ദിവസം 15 മൃതദേഹങ്ങൾ മാത്രമാണ് സംസ്കരിക്കാൻ കഴിയുകയുള്ളൂവെന്ന് ശ്മശാന അധികൃതർ പറഞ്ഞു.
ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്ന 80 റാക്കുകളും നിറഞ്ഞിരിക്കയാണ്. നിലവിൽ ഇവിടെ 108 പേരുടെ മൃതദേഹങ്ങളുണ്ട്. 28 മൃതദേഹങ്ങൾ സ്ഥലമില്ലാത്തതിനാൽ നിലത്ത് കൂട്ടിയിട്ട അവസ്ഥയിലുമാണെന്ന് അധികൃതർ പറഞ്ഞു.
ഡൽഹിയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നത് ലോക് നായക് ആശുപത്രിയിലാണ്. പി.പി.ഇ കിറ്റുകൾ ധരിച്ച് എല്ലാ സുരക്ഷിത മാർഗങ്ങളും അവലംബിച്ചാണ് മൃതദേഹങ്ങൾ മാറ്റുന്നത്. കോവിഡ് രോഗികളുള്ള ആശുപത്രിയിൽ മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നുമില്ല. രോഗികളുടെ എണ്ണവും മരണനിരക്കും ഉയരുന്നതോടെ ആശുപത്രി അധികൃതർ അങ്കലാപ്പിലാണ്.
ബുധനാഴ്ച ഡൽഹിയിൽ 792 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുെട എണ്ണം 15,257 ആയി ഉയർന്നു. മരണനിരക്ക് 303 ആയി. അഞ്ചു ദിവസം മുമ്പ് മരിച്ചവരുടേതടക്കം മൃതദേഹം മോർച്ചറിയിലുണ്ടെന്ന് ലോക്നായക് ആശുപത്രി അധികൃതർ പറഞ്ഞു.
‘‘അതെല്ലാം സംസ്കരിക്കണം. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നു. കവറിൽ സുരക്ഷിതമായി പൊതിഞ്ഞ മൃതദേഹങ്ങളുമായി ജീവനക്കാർ ശ്മശാനത്തിലെത്തിയെങ്കിലും അവർ സ്വീകരിച്ചില്ല. തുടർന്ന് മോർച്ചറിയിലെ തറയിൽ കൂട്ടിയിടേണ്ട അവസ്ഥ വന്നു’’ -അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.