‘ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ല’; പ്രതിപക്ഷ വാദം തള്ളി ധനമന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2014ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം നൽകേണ്ട സഹായമാണ് ആന്ധ്രപ്രദേശിന് നൽകിയതെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. എൻ.ഡി.എ സഖ്യകക്ഷികൾ ഭരിക്കുന്ന ആന്ധ്രപ്രദേശിനും ബിഹാറിനും പ്രത്യേക പാക്കേജുകൾ നൽകിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ വാദങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് ധനമന്ത്രി മറുപടി നൽകിയത്.
“മുൻവർഷങ്ങളിലേതു പോലെ എല്ലാ സംസ്ഥാനങ്ങൾക്കും അവരുടെ വിഹിതം ലഭിക്കും. ആന്ധ്രക്ക് പുനഃസംഘടനാ നിയമപ്രകാരം തലസ്ഥാന നഗര നിർമാണത്തിനും പിന്നാക്ക മേഖലകളുടെ വികസനത്തിനുമായി കേന്ദ്രം സഹായം ലഭ്യമാക്കേണ്ടതുണ്ട്. പോളവാരം ജലസേചന പദ്ധതിയും സംസ്ഥാനത്തെ സംബന്ധിച്ച് പ്രാധാന്യമുള്ളതാണ്. ബിഹാറിലും അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്.
എല്ലാ സംസ്ഥാനങ്ങളുടെയും പേര് ബജറ്റ് പ്രസംഗത്തിൽ പറയുകയെന്നത് പ്രായോഗികമല്ല. പ്രത്യേക പരിഗണന നൽകിയ രണ്ട് സംസ്ഥാനങ്ങളുടെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. എത്രയോ തവണ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള കോൺഗ്രസിനും എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാൻ അവസരം ലഭിച്ചിട്ടില്ല. ബജറ്റിൽ എതിർപ്പുള്ളവരുണ്ടാകാം. ന്യായമായ മാറ്റങ്ങൾ ഇനിയും വരുത്താവുന്നതാണ്. എല്ലാവർക്കും മനസിലാക്കാവുന്ന രീതിയിൽ ലളിതമായ ഭാഷയിലാണ് ബജറ്റ് തയാറാക്കിയത്” -ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കായി പദ്ധതികൾ പ്രഖ്യാപിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. കസേര സംരക്ഷിക്കാനുള്ള ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിച്ചതെന്നും സഖ്യകക്ഷികൾ ഭരിക്കാത്ത സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചെന്നും പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാണിച്ചു. പ്രതിഷേധ സൂചകമായി നിരവധി മുഖ്യമന്ത്രിമാർ ജി.എസ്.ടി കൗൺസിൽ യോഗത്തിൽനിന്ന് വിട്ടുനിന്നു. ഇതോടെയാണ് ധനമന്ത്രി പുതിയ പ്രസ്താവനയുമായി രംഗത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.