കുതബ് മിനാറിൽ ഖനനം നടത്തുമെന്ന വാർത്ത കേന്ദ്ര സാംസ്കാരിക മന്ത്രി നിഷേധിച്ചു
text_fieldsന്യൂഡൽഹി: കുതബ് മിനാർ സമുച്ചയത്തിൽ ഖനനം നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ കേന്ദ്ര സാംസ്കാരിക മന്ത്രി ജി.കെ റെഡി നിഷേധിച്ചു. സ്മാരകം നിർമിച്ചത് ഹിന്ദു രാജാവായ വിക്രമാദിത്യനാണെന്നും കുതബുദ്ദീൻ ഐബക്കല്ലെന്നും മുൻ എ.എസ്.ഐ റീജിയനൽ ഡയറക്ടർ ധരംവീർ ശർമ അവകാശപ്പെട്ടതിനെ തുടർന്ന് വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കുതബ് ഒരു സൂര്യനിരീക്ഷണകേന്ദ്രമാണെന്ന വാദത്തെയും ധരംവീർ ശർമ എതിർത്തിരുന്നു.
ശനിയാഴ്ച സാംസ്കാരിക മന്ത്രാലയത്തിലെ സെക്രട്ടറി ഗോവിന്ദ് മോഹൻ മൂന്ന് ചരിത്രകാരന്മാർക്കും നാല് എ.എസ്.ഐ ഉദ്യോഗസ്ഥന്മാർക്കും ഗവേഷകർക്കുമൊപ്പം കുതബ് മിനാർ സന്ദർശിച്ചിരുന്നു. സമുച്ചയത്തിന്‍റെ ഖനനം 1991 മുതൽ നടന്നിട്ടില്ലെന്ന് എ.എസ്.ഐ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. അതേസമയം ഇത് ഉദ്യോഗസ്ഥരുടെ സ്ഥിരം സ്ഥലം സന്ദർശനമാണെന്നും ഖനനം ചെയ്യാൻ ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
കുതബ് മിനാറിന്റെ പേര് 'വിഷ്ണു സ്തംഭ' എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി ഹിന്ദു സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സ്മാരകം സന്ദർശനം. രാജാവ് വിക്രമാദിത്യനാണ് സ്മാരകം ആദ്യം നിർമിച്ചതെന്നാണ് യുനൈറ്റഡ് ഹിന്ദു ഫ്രണ്ടിന്റെ ഇന്റർനാഷനൽ വർക്കിങ് പ്രസിഡന്റ് ഭഗവാൻ ഗോയൽ അവകാശപ്പെട്ടത്. പിന്നീട് അതിന്റെ ക്രെഡിറ്റ് ഖുതുബുദ്ദീൻ ഐബക്ക് ഏറ്റെടുക്കുകയായിരുന്നെന്നും അദ്ദേഹം വാദിച്ചു.
സമുച്ചയത്തിൽ 27 ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്നും അവ കുതുബുദ്ദീൻ നശിപ്പിച്ചതായും ഭഗവാൻ ഗോയൽ കൂട്ടിച്ചേർത്തു. സ്മാരകത്തിൽ ആളുകൾക്ക് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കാണാമെന്നതിനാൽ ഇതിന് തെളിവകൾ ലഭ്യമാണെന്നും കുതബ് മിനാറിനെ വിഷ്ണുസ്തംഭം എന്ന് വിളിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.