ന്യൂനപക്ഷ സ്കോളർഷിപ്: സ്റ്റേ ഇല്ല; വിലക്ക് തുടരും
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ് ജനസംഖ്യാനുപാതികമായി വേണമെന്ന ഹൈകോടതി വിധിക്കെതിരായ ഹരജികളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി നിർദേശിച്ചു. സ്കോളർഷിപ്പിെൻറ 80 ശതമാനം മുസ്ലിംകൾക്കും 20 ശതമാനം ലത്തീൻ കത്തോലിക്ക, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്കുമായി നൽകുന്നത് തടഞ്ഞ ഹൈകോടതി ഉത്തരവിന് സ്റ്റേ ഇല്ല.
മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ്, എം.എസ്.എം സംസ്ഥാന കമ്മിറ്റി എന്നിവയാണ് ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. തൊട്ടുപിറകെ കേരള കൗൺസിൽ ഓഫ് ചർച്ചസ് തടസ്സഹരജി നൽകി. പ്രത്യേകാനുവാദ ഹരജിയുമായി സംസ്ഥാന സർക്കാറും കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലെത്തി. ഇതിന്മേൽ ബന്ധപ്പെട്ടവർക്ക് മറുപടി നൽകാൻ കോടതി നാലാഴ്ച സമയം നൽകി. സ്കോളർഷിപ് വിതരണം തന്നെ സ്തംഭനത്തിലായിരിക്കെ, അടിയന്തരമായി ഹൈകോടതി വിധി സ്റ്റേ ചെയ്യണമെന്ന് ട്രസ്റ്റിനു വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാൻ അഭ്യർഥിച്ചു. 2008 മുതൽ 13 വർഷമായി നൽകിപ്പോരുന്ന സ്കോളർഷിപ്പാണ് തടയപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്കാര്യങ്ങൾ നോട്ടീസിന് മറുപടി കിട്ടിയ ശേഷം പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ് എന്നിവർ പറഞ്ഞു. ഇടക്കാല സ്റ്റേ ആവശ്യം വീണ്ടും അഭിഭാഷകൻ ഉന്നയിച്ചെങ്കിലും, അതിനായി വാദം തുടർന്നാൽ ഹരജി തള്ളേണ്ടി വരുമെന്ന് ബെഞ്ച് വ്യക്തമാക്കി. സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാറിനു വേണ്ടി മുതിർന്ന അഭിഭാഷകൻ സി.യു. സിങ്, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി.
ഒരു പഠനത്തിെൻറയും പിൻബലമില്ലാതെ, ന്യൂനപക്ഷ വിഭാഗങ്ങൾക്കെല്ലാം ജനസംഖ്യാനുപാതികമായി സംവരണം നൽകുന്ന വിധം അനുപാതം പുനർനിർണയിക്കാനുള്ള ഹൈകോടതി ഡിവിഷൻ ബെഞ്ച് നിർദേശം യുക്തിരഹിതമാണെന്ന് പ്രത്യേകാനുവാദ ഹരജിയിൽ സർക്കാർ പറഞ്ഞു. ജനസംഖ്യയുടെ അനുപാതം നോക്കിയല്ല, മുസ്ലിംകളുടെ വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് സ്കോളർഷിപ് നൽകുന്നത്. മറ്റേതെങ്കിലും വിഭാഗങ്ങൾക്ക് കിട്ടേണ്ട അവകാശവുമായി ഇതിനെ കൂട്ടിക്കുഴക്കേണ്ടതില്ലെന്ന നിലപാടും ഹരജിയിൽ സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.