ഗുജറാത്തിലെ ബുൾഡോസറിന് സുപ്രീംകോടതി സ്റ്റേയില്ല
text_fieldsന്യൂഡൽഹി: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ ബി.ജെ.പി സർക്കാർ ഇസ്‍ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട കെട്ടിടങ്ങളും മുസ്‍ലിംകളുടെ വീടുകളും ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തുന്നത് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. സുപ്രീംകോടതി ഈ വിഷയത്തിൽ പുറപ്പെടുവിച്ച വിധിക്ക് വിരുദ്ധമാണ് ബുൾഡോസർ നടപടിയെങ്കിൽ ഇടിച്ചുനിരത്തിയവ പുനർനിർമിക്കാൻ തങ്ങൾ ഉത്തരവിടുമെന്നും ജസ്റ്റിസുമാരായ ബി.ആർ ഗവായ്, കെ.വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി സ്റ്റേ ചെയ്തില്ലെങ്കിൽ ഗുജറാത്ത് സർക്കാർ മറ്റെവിടെയെങ്കിലുമായിരിക്കും പൊളിച്ചതിന് പകരം നിർമിച്ചുനൽകുകയെന്ന ഹരജിക്കാരായ സമസ്ത പഠാണി മുസ്‍ലിം ജമാഅത്തിന്റെ വാദം ബെഞ്ച് അംഗീകരിച്ചില്ല.
നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും കോടതിയുടെ അനുമതിയില്ലാതെയും വീടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റുന്നത് സ്റ്റേ ചെയ്ത് മാർഗ നിർദേശങ്ങൾ ഇറക്കുമെന്ന് ഇതേ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഗിർ സോമനാഥ് കലക്ടറും മറ്റും മഗ്രോളി ഷാഹ് ബാബ ദർഗയും ഈദ്ഗാഹും മറ്റു നിരവധി മുസ്‍ലിംകളുടെ കെട്ടിടങ്ങളും അനധികൃതമാണെന്ന് ആരോപിച്ച് പൊളിച്ചുനീക്കുന്നതിനെതിരെ സമസ്ത പഠാണി മുസ്‍ലിം ജമാഅത്ത് സുപ്രീംകോടതിയെ സമീപിച്ചത്.
അഞ്ച് ദർഗകളും 25 പള്ളികളും പൊളിച്ചേക്കുമെന്നും തൽസ്ഥിതി നിലനിർത്താൻ ഉത്തരവിടണമെന്നും മുസ്‍ലിം ജമാഅത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ ബോധിപ്പിച്ചു. അസമിൽ സമാനമായ കേസിൽ തൽസ്ഥിതി നിലനിർത്താൻ സുപ്രീംകോടതി ഉത്തരവിട്ട കാര്യവും അദ്ദേഹം ചുണ്ടിക്കാട്ടി.
എന്നാൽ, തങ്ങൾക്ക് മറുപടി നൽകാൻ സമയം നൽകണമെന്നും ജലാശയത്തിനരികിലുള്ളതാണ് ഇടിച്ചുനിരത്തുന്നതെന്നും ഗുജറാത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുവാദമുന്നയിച്ചു. ഇതിനെ തുടർന്നാണ് ഇടിച്ചുനിരത്തൽ സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.