അർജുനും ലോറിയും കരയിൽ ഇല്ലെന്ന് സ്ഥിരീകരിച്ച് സൈന്യം; ഇനി തിരച്ചിൽ പുഴയിൽ
text_fieldsകാർവാർ: ഉത്തര കന്നഡയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താനുള്ള ശ്രമം ഏഴാംദിവസവും തുടരുന്നു. അർജുനും ലോറിയും കരയിലെ മൺകൂനയിൽ ഇല്ലെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സൈന്യം. റോഡിൽ ലോറി കുടുങ്ങിക്കിടക്കുകയാണെന്ന സംശയത്തിലാണ് ഇതുവരെ തിരച്ചിൽ നടത്തിയത്. എന്നാൽ 98 ശതമാനം മണ്ണും നീക്കിയിട്ടും അർജുന്റെ ലോറി കണ്ടെത്താൻ സാധിച്ചില്ല. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗാംഗാവാലി നദിയിലേക്ക് ലോറി പതിച്ചിട്ടുണ്ടാകുമെന്നാണ് സൈന്യം കരുതുന്നത്. അതിനാൽ ഇനി പുഴയിൽ തിരച്ചിൽ നടത്താനാണ് തീരുമാനം. മണ്ണിടിച്ചിലുണ്ടായ പുഴയിൽ ഡ്രെഡ്ജിങ് നടത്തും. ഇതോടെ തിരച്ചിൽ ദൗത്യം അവസാനിപ്പിച്ച് സൈന്യം മടങ്ങി.പുഴയിൽ തിരച്ചിലിനായി എൻ.ഡി.ആർ.എഫ് സംഘം നാളെ എത്തും.
റഡാർ ഉപയോഗിച്ച് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും വലിയ അളവിൽ മൺകൂനയുള്ള വെല്ലുവിളിയാണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് അർജുൻ വാഹനം ഓടിച്ചുവരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ലോറി മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം കടന്നുപോയിട്ടില്ലെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്. അതിനാലാണ് വണ്ടി പുഴയിലെത്തിയേക്കാമെന്ന നിഗമനത്തിൽ എത്തിയത്. അതിനിടെ ഷിരൂരിൽ ഇന്ന് മുതിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
ആദ്യഘട്ടത്തിൽ മണ്ണ് നീക്കിയ സ്ഥലത്ത് നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. എന്നാൽ പരിശോധിച്ചപ്പോൾ ഇവിടെ ഒന്നും കണ്ടെത്താനായില്ല. ചൊവ്വാഴ്ച മുതൽ രക്ഷാപ്രവർത്തനത്തിന് 25 പേരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കിയതായി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.