പച്ചക്കറിയില്ല, പരിപ്പില്ല; ഈ സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും!
text_fieldsറായ്പൂർ: ഛത്തീസ്ഗഢിലെ പ്രൈമറി സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണമായി നൽകുന്നത് ചോറും മഞ്ഞളും മാത്രം. പച്ചക്കറികളോ പയറുവർഗങ്ങളോ പോലുമില്ലാതെ മഞ്ഞളിട്ട ചോറ് നൽകിയാണ് കുട്ടികളെ സ്കൂൾ അധികൃതർ പറ്റിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ചപ്പാത്തിയും ഉപ്പുമാണ് നൽകുന്നതെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. 2022ലെ കണക്ക് പ്രകാരം ഛത്തീസ്ഗഢിൽ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർ 17.76 ശതമാനമാണ്. കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരക്കുറവ് നേരിടാൻ സംസ്ഥാന സർക്കാർ റെഡി-ടു ഈറ്റ് പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ മൂലം സംസ്ഥാനത്തെ 52,474 അങ്കണവാടികളിലെ ഡെലിവറികൾ ഒരാഴ്ചയിലേറെയായി നിർത്തിവെച്ചിരിക്കുകയാണ്.
പട്ടേൽ പാറയിലെ ബിജാക്കുറ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് 43 കുട്ടികൾക്ക് ചോറും മഞ്ഞളും നൽകിയത്. ഒരാഴ്ചത്തേക്ക് കുട്ടികൾക്ക് നൽകാനുള്ള ഉച്ചഭക്ഷണത്തിലേക്ക് പച്ചക്കറികളോ മറ്റ് സാധനങ്ങളോ ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. അതിനാൽ ചിലപ്പോൾ ചോറും പരിപ്പും അല്ലെങ്കിൽ മഞ്ഞൾ റൈസുമാണ് കുട്ടികൾക്ക് നൽകുന്നത്. ഉച്ചഭക്ഷണ വിതരണക്കാർ പച്ചക്കറികൾ വിതരണം ചെയ്യാത്തതാണ് പച്ചക്കറികളുടെ അഭാവത്തിന് കാരണമെന്ന് സ്കൂളിലെ പ്രധാന അധ്യാപക പറഞ്ഞു. അവർക്ക് പൈസ കുടിശ്ശികയുള്ളത് കൊണ്ടാണ് പച്ചക്കറി വിതരണം നിർത്തിയത്. വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും സംഭവത്തിൽ ഉടൻ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് വൈവിധ്യമാർന്ന പോഷകാഹാരം ഉറപ്പുവരുത്തുന്ന രീതിയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് ഒരു നിശ്ചിത മെനു ഉണ്ട്. എന്നാൽ മെനു കടലാസിൽ മാത്രമായി അവശേഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.