അറസ്റ്റ് ചെയ്തിട്ട് രണ്ടുദിവസം; ഹാസ്യതാരം മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് തെളിവില്ലെന്ന് മധ്യപ്രദേശ് പൊലീസ്
text_fieldsഇന്ദോർ: ഹാസ്യപരിപാടിക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച യുവകലാകാരനെയും സംഘത്തെയും ദേവീദേവന്മാരെ അപമാനിച്ച കുറ്റമാരോപിച്ച് അറസ്റ്റ് ചെയ്തതിന് പിന്നാലെ തെളിവില്ലെന്ന് മധ്യപ്രദേശ് പൊലീസ്. അറസ്റ്റുചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് കലാകാരൻ മുനവർ ഫാറൂഖി ഹിന്ദു ദേവതകളെ അപമാനിക്കുന്നതിന് വിഡിയോ തെളിവില്ലെന്ന് ഇന്ദോർ പൊലീസ് വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാറൂഖി അറസ്റ്റിലായത്. ഹാസ്യപരിപാടിക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായെ പരിഹസിച്ച ഫാറൂഖിയെയും സംഘത്തെയും ദേവീദേവന്മാരെ അപമാനിച്ച കുറ്റമാരോപിച്ച് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
സമൂഹ മാധ്യമങ്ങളിൽ ലക്ഷക്കണക്കിനാളുകൾ പിന്തുടരുന്ന സ്റ്റാൻഡ്അപ് കൊമേഡിയനായ മുനവ്വർ ഫാറൂഖിയെ ഇന്ദോറിലെ കഫേയിൽ പുതുവർഷ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഹിന്ദുത്വ സംഘടന പ്രവർത്തകർ തടഞ്ഞ് മർദിച്ച് പൊലീസിലേൽപ്പിക്കുകയായിരുന്നു. ഇവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഗണേശ ദേവനെയും ഷായെയും അപമാനിച്ചെന്ന് ആരോപിച്ച് ഫാറൂഖിക്കെതിരെ പരാതിക്കാരൻ പൊലീസിൽ വിഡിയോ സഹിതം പരാതി നൽകിയിരുന്നു. കർസേവകരെയും അമിത് ഷായെയും പരിഹസിച്ചശേഷം ഇയാൾ ദേവതമാരെയും അവഹേളിച്ചെന്നായിരുന്നു പരാതി. എന്നാൽ ഹിന്ദു ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് ഫാറൂഖിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് വിഡിയോ പരിശോധിച്ച ശേഷം തുക്കഗഞ്ച് പൊലീസ് സ്റ്റേഷൻ ടൗൺ ഇൻസ്പെക്ടർ കമലേഷ് ശർമ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്തു.
ഹിന്ദുത്വ സംഘടനയായ ഹിന്ദ് രക്ഷക് സംഘതൻ നേതാവ് ഏക് ലവ്യ സിങ് ഗൗറാണ് ഫാറൂഖിക്കെതിരെ പരാതി നൽകിയത്. ബി.ജെ.പി എം.എൽ.എ മാലിനി ഗൗറിന്‍റെ മകനാണ് ഏക് ലവ്യ ഗൗർ. വിദ്വേഷപ്രസംഗങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ തെൻറ പാട്ടുകളിലും പരിപാടികളിലും നിരന്തരം പ്രതികരിക്കാറുള്ള മുനവ്വറിനെതിരെ സംഘ്പരിവാർ സംഘടനകൾ നേരത്തേ തന്നെ സമാനമായ പരാതി നൽകിയിരുന്നു.
അതേസമയം, ഫാറൂഖിയുടെ അറസ്റ്റിനെതിരെ നിരവധി ഹാസ്യതാരങ്ങളാണ് രംഗത്തെത്തിയത്. "നിങ്ങൾക്ക് തമാശകളും ചിരിയും നിർത്താൻ കഴിയില്ല," ഹാസ്യനടനുമായ വീർ ദാസ് ട്വീറ്റ് ചെയ്തു. ആക്ഷേപഹാസ്യത്തിന്‍റെയും നർമ്മത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017ലെ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തു.
മുനവ്വര്‍ ഫാറൂഖി, സൂഹൃത്ത് സദഖത്ത്, സംഘാടകൻ എഡ്വിൻ ആന്‍റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ്, നളിൻ യാദവ് എന്നിവരെയായിരന്നു പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ കോടതിയിൽ ഹാജരാക്കുന്നതിന് പൊലീസിനൊപ്പം ഇരുചക്രവാഹനത്തിൽ എത്തിയ സദഖത്തിനെ ഹിന്ദ് രക്ഷക് സംഘതൻ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇയാളെ അടിക്കുന്നതും തെറിവിളിക്കുന്നതുമായ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ അപമാനിക്കൽ, രോഗം പടരാനുള്ള സാധ്യത അവഗണിച്ച് പ്രവർത്തിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യൂട്യൂബിൽ അഞ്ചു ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഒന്നര ലക്ഷത്തോളവും ആളുകളാണ് മുനവ്വറിനെ ഫോളോ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.