പശു സംരക്ഷണം അതിരുവിട്ടു; മോദിക്ക് വോട്ടില്ലെന്ന് കർഷകർ
text_fieldsലഖ്നോ: പശു സംരക്ഷണത്തിനായി കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലുമുള്ള ബി.ജെ.പി സർക്കാറുകൾ സ്വീകരിച്ച നടപടി ഹിന്ദുക്കളായ കർഷകർക്കുതന്നെ വിനയായതായി റിപ്പോർ ട്ട്. ഗോസംരക്ഷണ പദ്ധതി മൂലം പശുക്കളെ വിറ്റഴിക്കാനാകാത്ത അവസ്ഥയാണ്. അതിനാൽ, ഉപേ ക്ഷിക്കപ്പെട്ട പശുക്കളുടെ എണ്ണവും കൂടി. അലഞ്ഞുതിരിയുന്ന കന്നുകാലികൾ കൃഷിയിടങ്ങളിലെത്തി നാശം വിതക്കാതിരിക്കാൻ ഉത്തർപ്രദേശിലെ ഗ്രാമങ്ങളിൽ കർഷകർ രാത്രി മുഴുവൻ പാടങ്ങളിൽ കഴിയുകയാണെന്ന് ‘റോയിേട്ടഴ്സ്’ റിപ്പോർട്ട് ചെയ്തു. മുമ്പും ഇൗ പ്രശ്നമുണ്ടായിരുന്നെങ്കിലും ഇത്ര ഭീകരമായിരുന്നില്ല അവസ്ഥ. ഇതുകാരണം പൊതുതെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണോ എന്ന കാര്യം രണ്ടുവട്ടം ആലോചിക്കുമെന്ന് ‘റോയിേട്ടഴ്സി’നോട് സംസാരിച്ച യു.പിയിലെ മഹാബാൻ ഉൾപ്പെടെ ഒമ്പത് ഗ്രാമങ്ങളിലെ 50ലധികം കർഷകർ വ്യക്തമാക്കി. ഇവരെല്ലാം 2014ൽ മോദിക്ക് വോട്ട് ചെയ്തവരാണ്. കന്നുകാലി പ്രശ്നവും വിളകളുടെ കുറഞ്ഞ വിലയുമാണ് കർഷകരുടെ ബി.ജെ.പി വിരുദ്ധ വികാരത്തിന് കാരണം.
2014ലെ പൊതു തെരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 73ലും വിജയിച്ചത് എൻ.ഡി.എ സ്ഥാനാർഥികളാണ്. ഡിസംബറിൽ ഛത്തിസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ തെരഞ്ഞെടുപ്പുകളിൽ പരാജയമറിഞ്ഞ ബി.ജെ.പി ഏതുവിധേനയും പൊതു തെരഞ്ഞെടുപ്പിൽ രാജ്യത്തെ 263 ദശലക്ഷത്തോളം വരുന്ന കർഷകരെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ്.
പശുവിനെ പാലിനും പാൽ ഉൽപന്നങ്ങൾക്കുമായി വളർത്തുക, കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്നതാണ് ഉത്തരേന്ത്യയിലെ ഹിന്ദുക്കളായ കർഷകർ പൊതുവെ ചെയ്യാറുള്ളത്. പശുമാംസം ഭക്ഷിക്കുന്നത് വലിയ പാപമായി അവർ കരുതുന്നു. എന്നാൽ, പ്രായമായ കന്നുകാലികളെ വിൽക്കാനുള്ള സ്വാതന്ത്ര്യം മുമ്പുണ്ടായിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഗോ രക്ഷക ഗുണ്ടകൾ അഴിഞ്ഞാട്ടം തുടങ്ങി. അറവുകേന്ദ്രങ്ങൾക്കും കാലികളെ കയറ്റിപ്പോകുന്ന വാഹനങ്ങൾക്കും നേരെ വ്യാപക ആക്രമണങ്ങളും ഉണ്ടായി.
കാലിക്കച്ചവടക്കാർക്കു നേരെ ആക്രമണം കനത്തതോടെ, കാളകളുടെ വിൽപന പോലും നടക്കുന്നില്ല. പലയിടത്തും ട്രാക്ടർ വിൽപന കൂടി. കാർഷികരംഗത്തേക്ക് കൂടുതൽ യന്ത്രങ്ങൾ വന്നു. കാലികളെ കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പറ്റാതായി. ഇത് ഗ്രാമീണ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. പശു ഇതര കാലികളെ ഭയരഹിതമായി വിൽപന നടത്താനുള്ള അവസരമുണ്ടാകണമെന്നും പശുക്കൾക്കായി കൂടുതൽ സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. ഗോരക്ഷക ഗുണ്ടകൾ മൂലം ബന്ധുക്കൾക്ക് പോലും കാലികളെ കൈമാറാനാകാത്ത അവസ്ഥയാണെന്ന് മഥുരയിലെ കർഷകനായ ദീപക് ചൗധരി ‘റോയിേട്ടഴ്സി’നോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.