ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡൻറില്ല, പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ചൈന
text_fieldsന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എത്തില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണം. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന 18ാമത് ജി20 ഉച്ചകോടിയിൽ ഇന്ത്യൻ സർക്കാറിന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ് പ്രസ്താവനയിൽ അറിയിച്ചു. ഉച്ചകോടിയിലൂടെ സമവായം ഉറപ്പിക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് ചൈന പ്രതീക്ഷിക്കുന്നതായും മാവോ വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റിന് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കില്ല.
ഉച്ചകോടിക്ക് ദിവസങ്ങള്‍മാത്രം ശേഷിക്കേ അരുണാചൽ പ്രദേശും ലഡാക്കിനോടു ചേർന്ന അക്സായ് ചിൻ മേഖലയും അതിർത്തിക്കുള്ളിലാക്കി ചൈന ഭൂപടം പുറത്തിറക്കിയതിൽ ഇന്ത്യ വിമർശനം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള തീരുമാനത്തില്‍നിന്ന് ഷി ജിന്‍പിങ് പിന്മാറിയതെന്നാണ് റിപ്പോർട്ട്. ജി20യിലെ ശ്രദ്ധാകേന്ദ്രമായിരുന്ന രണ്ടാമത്തെ ഉന്നത നേതാവായിരുന്നു ഷി ജിൻപിങ്.
ഷി പങ്കെടുക്കാത്തതിൽ നിരാശയെന്ന് ബൈഡൻ
വാഷിങ്ടൺ: ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽനിന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വിട്ടുനിൽക്കുന്നതിൽ നിരാശയുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയിലേക്കുള്ള യാത്രയെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെപ്റ്റംബർ ഏഴിന് ഇന്ത്യയിലേക്ക് തിരിക്കുന്ന ബൈഡൻ അടുത്ത ദിവസം ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
തയാറെടുപ്പുകള്‍ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥർ
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കുള്ള തയാറെടുപ്പുകള്‍ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. പി.കെ. മിശ്രയും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയും ഡൽഹിയിൽ പര്യടനം നടത്തി.
ഭാരത് മണ്ഡപത്തിനൊപ്പം രാജ്ഘട്ട്, സി ഹെക്സഗണ്‍-ഇന്ത്യാ ഗേറ്റ്, വിമാനത്താവള ടെര്‍മിനല്‍ മൂന്ന്, പ്രധാന റോഡുകളുടെ ഭാഗങ്ങള്‍ എന്നിവയുള്‍പ്പെടെ 20ഓളം സ്ഥലങ്ങള്‍ സന്ദർശിച്ചു. രാഷ്ട്രത്തലവന്മാരുടെ വിമാനങ്ങള്‍ എത്തുന്ന പാലം വ്യോമസേന സ്റ്റേഷന്റെ സാങ്കേതിക മേഖലയും ഡോ. മിശ്ര സന്ദര്‍ശിച്ചു. സ്വീകരണം, വിശ്രമമുറികള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ച് മുതിര്‍ന്ന വ്യോമസേന ഉദ്യോഗസ്ഥര്‍ ഡോ. മിശ്രയോട് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായ അമിത് ഖാരെ, തരുണ്‍ കപൂര്‍, ചീഫ് സെക്രട്ടറി, പൊലീസ് കമീഷണര്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.