‘സീറോ ട്രാഫിക്’ പ്രോട്ടോക്കോൾ വേണ്ട; തനിക്കുവേണ്ടി പൊതുജനത്തിന്റെ വഴി തടയരുതെന്ന് സിദ്ധരാമയ്യ
text_fieldsബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ നടപടികളുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തനിക്ക് ‘സീറോ ട്രാഫിക്’പ്രോട്ടോക്കോൾ ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. തനിക്കുവേണ്ടി പൊതുജനത്തിന്റെ വഴി തടയരുതെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ട്വീറ്റും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നും സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
‘എന്റെ വാഹനവ്യൂഹത്തിനായി സീറോ ട്രാഫിക് പ്രോട്ടോക്കോൾ ആവശ്യമില്ലെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണറോട് പറഞ്ഞിട്ടുണ്ട്. വാഹനവ്യൂഹം കടന്നുപോകുന്ന ഇടങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കിയതിനാലാണിത്’-സിദ്ധരാമയ്യ കുറിച്ചു.
നേരത്തെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം സിദ്ധരാമയ്യ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ഉച്ചയക്ക് 12.30 ഓടെ നടന്ന സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം നിയമസഭയിലെത്തിയാണ് സിദ്ധരാമയ്യയും മന്ത്രിമാരും ആദ്യ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനുമൊപ്പം ബെംഗളൂരു കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
ജി.പരമേശ്വര, കെ.എച്ച്.മുനിയപ്പ, കെ.ജെ.ജോര്‍ജ്,എം.ബി.പാട്ടീല്‍, സതീഷ് ജാര്‍കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിങ്ക റെഡ്ഡി, സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് ഇന്ന് ചുമതലയേറ്റ മന്ത്രിമാര്‍.അടുത്ത തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നിയമസഭ ചേരാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.അഞ്ച് ഉറപ്പുകള്‍ നിറവേറ്റുന്നതിന് 50,000 കോടിയോളം രൂപ വേണ്ടിവരുമെന്ന് സിദ്ധരാമയ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.