ഗാന്ധിവധത്തിൽ പുനരന്വേഷണം വേണ്ടെന്ന് അമിക്കസ് ക്യൂറി
text_fieldsന്യൂഡല്‍ഹി: മഹാത്മഗാന്ധിയുടെ വധത്തിനുപിന്നില്‍ നാഥുറാം വിനായക് ഗോദ്സെ അല്ലാതെ അജ്ഞാതനായ മറ്റൊരു കുറ്റവാളി ഇല്ലെന്ന് വിശദീകരിച്ച് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇനിയൊരു പുനരന്വേഷണത്തിെൻറയോ വസ്തുതാന്വേഷണ കമീഷെൻറയോ ആവശ്യമില്ലെന്നും മുതിര്‍ന്ന അഭിഭാഷകനും അമിക്കസ് ക്യൂറിയുമായ അമരേന്ദ്ര ശരണ്‍ സുപ്രീംകോടതിയെ ധരിപ്പിച്ചു. ഗാന്ധിജിക്കേറ്റ നാലാമത്തെ വെടി അജ്ഞാതനായ മറ്റൊരു കൊലയാളിയുടെ തോക്കില്‍ നിന്നുള്ളതായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സവര്‍ക്കറുടെ അനുയായി എന്ന് സ്വയം വിശേഷിപ്പിച്ച പങ്കജ് ഫഡ്നിസ് ആണ് പരാതി നല്‍കിയിരുന്നത്.
തുടര്‍ന്നാണ് ഇതുസംബന്ധിച്ച എല്ലാ രേഖകളും പരിശോധിക്കാന്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് കഴിഞ്ഞ ഒക്ടോബറില്‍ അമരേന്ദ്ര ശരണിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കേസില്‍ മുമ്പ് നടന്ന അന്വേഷണത്തില്‍ യഥാര്‍ഥ പ്രതിെയയും അയാളുടെ പ്രസ്ഥാനെത്തയും കൊലക്കുപയോഗിച്ച വെടിയുണ്ടകളും കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനുപുറെമ മറ്റൊരാള്‍ ഗാന്ധിജിക്കുനേരെ വെടി ഉതിര്‍ത്തു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കൊലപാതകവുമായി വിദേശ രഹസ്യാന്വേഷണ ഏജന്‍സിക്ക് ബന്ധമുണ്ടെന്ന പരാതിക്കാരെൻറ ആരോപണവും തെളിവുകള്‍ ഇല്ലാത്തതാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു.
കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിഷയം ഇൗ മാസം 12ന് സുപ്രീംകോടതി പരിഗണിക്കും. ഗാന്ധിവധവുമായി ബന്ധപ്പെട്ട ജീവന് കപൂര്‍ അന്വേഷണ റിപ്പോര്‍ട്ടും 4000 പേജുകള്‍ വരുന്ന കോടതി വിചാരണ രേഖകളും പരിശോധിച്ചാണ് ശരണ്‍ റിപ്പോര്‍ട്ട് നല്‍കിയത്. അഭിഭാഷകരായ സന്‍ജിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരായിരുന്നു ശരണിെൻറ സഹായികള്‍.
ഗാന്ധിവധത്തെക്കുറിച്ചു നടന്ന അന്വേഷണം ഇന്ത്യയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ മൂടിവെക്കലാണെന്ന് ആരോപിച്ചാണ് പങ്കജ് ഫഡ്നിസ് സുപ്രീംകോടതിയില്‍ പരാതി നല്‍കിയത്. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഒരു പുതിയ അന്വേഷണ കമീഷനെ നിയോഗിക്കണമെന്നായിരുന്നു ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് ഫഡ്നിസ് നല്കിയ ഹരജി ബോംബെ ഹൈകോടതി തള്ളിയിരുന്നു. അഭിനവ് ഭാരത് സംഘടനയുടെ സ്ഥാപകനാണ് ഫഡ്നിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.