''സചിൻ, മുംബൈ ഇന്ത്യൻസ് താങ്കളുടെ മകന് നൽകിയ താങ്ങുവിലയാണ് കർഷകരും ആവശ്യപ്പെടുന്നത്''- വൈറലായി ട്വീറ്റ്
text_fields
ചെന്നൈ: ഐ.പി.എൽ താരലേലത്തിൽ ലിറ്റിൽ ബ്ലാസ്റ്ററുടെ മകൻ അർജുൻ ടെണ്ടുൽക്കറെ അംബാനി കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള മുംബൈ ഇന്ത്യൻസ് വാങ്ങിയത് അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക്. ഇതിനു പിന്നാലെ സചിനെ പ്രതിസ്ഥാനത്തുനിർത്തി ട്വീറ്റുകളുടെ പ്രവാഹം കണ്ടിരുന്നു. ബി.ജെ.പി സചിനെ വാങ്ങിയപ്പോൾ മകൻ അർജുനെ അംബാനി വാങ്ങിയെന്നു വരെ നിരവധി പ്രതികരണങ്ങൾ.
അതിലൊന്നാണ്, കാർഷിക സമര വേലിയേറ്റങ്ങളുടെ കാലത്ത് കൂടുതൽ വൈറലായത്. ''ഐ.പി.എൽ താരലേലത്തിനിടെ അർജുൻ ടെണ്ടുൽക്കറെ ആരും വാങ്ങിയില്ല. അതിനാൽ, അടിസ്ഥാന വിലയായ 20 ലക്ഷം രൂപ നൽകി മുംബൈ ഇന്ത്യൻസ് (അംബാനി) അദ്ദേഹത്തെ വാങ്ങി. ഇനി ആരെങ്കിലും സചിന് പറഞ്ഞുകൊടുക്കേണ്ടിയിരിക്കുന്നു- മകനെ വിറ്റുപോയിരിക്കുന്നത് താങ്ങുവിലക്കാണെന്ന്... അതുതന്നെയാണ് ഇന്ത്യയിലെ കർഷകർ തേടുന്നതെന്നും''.
ആയിരക്കണക്കിന് പേർ റീട്വീറ്റ് ചെയ്ത ട്വീറ്റിന് ലൈക് നൽകിയത് അതിന്‍റെ അനേക ഇരട്ടി പേർ.
''സ്വന്തക്കാർ വാങ്ങിയില്ലായിരുന്നുവെങ്കിൽ അർജുൻന് പോയി വീട്ടിൽ വിശ്രമിക്കാമായിരുന്നു. പക്ഷേ, കർഷകർക്ക് അങ്ങനെ ഇരിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് എ.പി.എം.സികളില്ലാത്ത ബിഹാറിലും മറ്റു സംസ്ഥാനങ്ങളിലും ഇപ്പോൾ താങ്ങുവിലയിലും കുറഞ്ഞ പണത്തിന് കർഷകർ സ്വന്തം വിളകൾ വിൽക്കേണ്ടിവരുന്നത്. കർഷക നിയമങ്ങൾ നടപ്പായാൽ അത് ഇന്ത്യ മൊത്തം വ്യാപിക്കും'- എന്നാണ് ഒരാളുടെ പ്രതികരണം. സത്യമായും പറഞ്ഞത് ശരിയെന്ന് മറ്റുള്ളവർ പറയുന്നു.
എസിദ്ദു എന്ന ഹാൻഡ്ലിൽനിന്നാണ് ഈ ട്വീറ്റ്.
കർഷക സമരത്തെ അനുകൂലിച്ച് അമേരിക്കൻ പോപ് ഗായിക രിഹാനയും പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗുമുൾപെടെ രംഗത്തുവന്നത് ആഗോള ശ്രദ്ധ നേടിയതിനു പിന്നാലെ കർഷക സമരത്തിൽ വിദേശ ഇടപെടൽ വേണ്ടെന്നുപറഞ്ഞ് സചിൻ ട്വിറ്ററിൽ രംഗത്തുവന്നിരുന്നു. ഇന്ത്യ ഒന്നാണെന്നും വിദേശ ശക്തികൾ ഈ വിഷയങ്ങളിൽ ഇടപെടേണ്ടെന്നും ട്വീറ്റിട്ടതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇതിന്‍റെ തുടർച്ചയായാണ് ഐ.പി.എൽ താരലേലവും വിഷയമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.