ഉർഫി ജാവേദിനെ പ്രശസ്തയാക്കിയത് ബി.ജെ.പി; ദീപികക്കെതിരെ രംഗത്ത് വന്നത് കാവി വസ്ത്രത്തെ കളങ്കപ്പെടുത്തിയവർ -റാവത്ത്
text_fieldsമുംബൈ: ബി.ജെ.പി മോറൽ പൊലീസുമായി രംഗത്ത് വന്നില്ലായിരുന്നുവെങ്കിൽ ഉർഫി ജാവേദിനെ ആരും അറിയില്ലായിരുന്നുവെന്ന വിമർശനവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലാണ് റാവത്തിന്റെ വിമർശനം.
മോശം വസ്ത്രത്തിന്റെ പേരിൽ ഉർഫി ജാവേദിനെതിരെ ബി.ജെ.പി നേതാവ് ചിത്ര വാഗ് പരാതി നൽകിയിരുന്നു. തുടർന്ന് മുംബൈ പൊലീസ് ഇവരെ വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിലാണ് സഞ്ജയ് റാവത്ത് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഉർഫി ജാവേദിനെ ബി.ജെ.പി നേതാവിന്റെ പരാതിയോടെ എല്ലാവരും അറിഞ്ഞു. ഡൽഹിയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം വിവസ്ത്രയായ നിലയിൽ കാറിനടിയിൽ നിന്നും കിട്ടിയ സാഹചര്യത്തിൽ കൂടിയാണ് ഇത്തരം സംഭവങ്ങൾ ഇവിടെ അരങ്ങേറുന്നതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
ദീപിക പദുക്കോണിന്റെ പത്താൻ സിനിമക്കെതിരായ പ്രതിഷേധത്തിലും സഞ്ജയ് റാവത്ത് അഭിപ്രായപ്രകടനം നടത്തി. ദീപിക പദുക്കോൺ ജെ.എൻ.യുവിൽ പോയി വിദ്യാർഥികളെ പിന്തുണച്ചു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതാണ് അവരുടെ ബിക്കിനിക്കെതിരെ ബി.ജെ.പി പ്രതിഷേധിക്കാൻ കാരണം. കാവി വസ്ത്രമിട്ട് സംസ്കാരശൂന്യമായ കാര്യങ്ങൾ ബി.ജെ.പി നേതാക്കൾ ചെയ്യുമ്പോഴാണ് അവർ ദീപികയുടെ ബിക്കിനിക്കെതിരെ പ്രതിഷേധിക്കുന്നത്.
സെൻസർ ബോർഡിൽ ബി.ജെ.പിക്ക് അടുപ്പമുള്ളവർ ഉള്ളതുകൊണ്ടാണ് പത്താൻ സിനിമയിലെ ചില രംഗങ്ങൾ വെട്ടിമാറ്റിയതെന്നും റാവത്ത് ആരോപിച്ചു. ഹരിയാന മന്ത്രി ബലാത്സംഗ കേസിൽ പ്രതിയായപ്പോഴാണ് ആരോപണവുമായി ബി.ജെ.പി രംഗത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.