നായയുടെ കടിയേറ്റ് കുഞ്ഞ് മരിച്ച സംഭവം; നോയിഡയിൽ റോഡ് തടഞ്ഞ് പ്രതിഷേധം
text_fieldsലഖ്നോ: നോയിഡയിൽ തെരുവ് നായയുടെ അക്രമണത്തെ തുടർന്ന് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ നാട്ടുകാർ റോഡ് തടഞ്ഞ് പ്രതിഷേധിച്ചു. തെരുവ് നായ്ക്കളുടെ ശല്ല്യത്തെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അധികൃതർ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും അവരുടെ പ്രവർത്തനങ്ങളിൽ തങ്ങൾക്ക് തൃപ്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
അതേസമയം നായ്ക്കൾക്കായി നാലു ഷെൽട്ടർ ഹോമുകൾ നിർമിക്കുന്നുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ 2017ൽ നായക്കളുടെ വന്ധ്യംകരണം ആരംഭിച്ചതാണെന്നും ഇതുവരെ 40000 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. 2018 ൽ തങ്ങൾ ഉന്നയിച്ച പ്രശ്നത്തിന് ഇതുവരെ പരിഹാരം കണ്ടിട്ടില്ല. ഞങ്ങൾക്കിപ്പോൾ ഒരു കുഞ്ഞ് ജീവൻ വരെ നഷ്ടമായിരിക്കുന്നു. ഞങ്ങൾ ഇനിയും ഇവരെ എങ്ങിനെയാണ് വിശ്വസിക്കേണ്ടത് -പ്രദേശവാസികൾ പറയുന്നു.
തെരുവുകളിൽ അലഞ്ഞ് നടക്കുന്ന എല്ലാ നായ്ക്കളെയും ഷെൽറ്റർ ഹോമുകളിലേക്ക് മാറ്റുമെന്നുള്ള തീരുമാനം വേഗത്തിൽ നടപ്പിലാക്കണമെന്നും ഇല്ലെങ്കിൽ വീണ്ടും തെരുവുകളിലേക്ക് ഇറങ്ങി പ്രതിഷേധം തുടരുമെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നായയുടെ കടിയേറ്റ് ഒരു വയസ്സുള്ള കുട്ടി മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.