ഇരട്ട ടവറുകൾ സ്ഫോടനത്തിൽ നിലംപരിശാക്കുമ്പോൾ ബാക്കിയാവുക 80,000 ടൺ അവശിഷ്ടങ്ങൾ
text_fieldsനോയ്ഡ: അനധികൃത നിർമാണമെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഫോടനത്തിലൂടെ തകർക്കുന്ന ഉത്തർ പ്രദേശിലെ ഇരട്ട ടവറുകൾ ബാക്കിയാക്കുക 80,000 ടൺ അവശിഷ്ടങ്ങൾ. 50,000 ടൺ അവശിഷ്ടങ്ങൾ ഇവിടെ തന്നെ ഉപയോഗിക്കുമ്പോൾ, 30,000 ടൺ ശാസ്ത്രീയ സംസ്കരണത്തിനായി സെക്ടർ-80 ലെ കൺസ്ട്രക്ഷൻ ആൻഡ് ഡെമോലിഷൻ മാനേജ്‌മെന്റ് പ്ലാന്റിലേക്ക് കൊണ്ടുപോകുമെന്ന് നോയിഡ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റിതു മഹേശ്വരി പറഞ്ഞു.
കെട്ടിടത്തിന്റെ ബേസ്‌മെന്റുകൾ നിറയ്ക്കുന്നതിനാണ് ഭൂരിഭാഗം അവശിഷ്ടങ്ങളും ഉപയോഗിക്കുക. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് കൃത്യസമയത്തും വേഗത്തിലും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും റിതു മഹേശ്വരി പറഞ്ഞു.
അവശിഷ്ടങ്ങളിൽ ഏകദേശം 4,000 ടൺ ഇരുമ്പ്, ടി.എം.ടി ബാറുകൾ, മറ്റ് ഇരുമ്പ് ഭാഗങ്ങൾ എന്നിവയാണ്. ഇവ കെട്ടിടം പൊളിക്കുന്ന കമ്പനിയായ എഡിഫൈസ് തരംതിരിച്ച് വിൽപന നടത്തും.
ആഗസ്റ്റ് 28ന് 2.30ഓടെയാണ് ടവറുകൾ സ്ഫോടനത്തിലൂടെ പൊളിക്കുക. 3,700 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് സ്ഫോടനം നടത്തി ഒമ്പതു സെക്കൻഡിനകം 40 നിലയും കുത്തുബ്മീനാറിനേക്കാൾ ഉയരവുമുള്ള ടവറുകൾ നിലംപരിശാകും.
9400 ദ്വാരങ്ങളിട്ട് ഇതിനോടകം സ്‌ഫോടക വസ്തുക്കൾ നിറച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരാണ് സ്ഫോടനം നടത്തുക.
റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ സൂപ്പർടെക്ക് പണിത ഇരട്ട കെട്ടിടത്തിൽ 900 ഫ്‌ളാറ്റുകളും 21 കടമുറികളുമാണ് ഉള്ളത്. ആംബുലന്‍സ്, അഗ്നിരക്ഷാ സേന, പോലീസ് സേന എന്നിവരെല്ലാം പൂര്‍ണ സജ്ജരായിരിക്കുമെന്നും നോയ്ഡ അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.