ബലാത്സംഗ പ്രതികളെ അറസ്റ്റ് ചെയ്തു; വി.എച്ച്.പി-ബജ്‌റംഗ്ദൾ പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി
text_fieldsനോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ വ്യാഴാഴ്ച പൊലീസുകാരും വിശ്വഹിന്ദു പരിഷത്ത്-ബജ്‌റംഗ്ദൾ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഘടന പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ എത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചത്. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. സെക്ടർ 39 പൊലീസ് സ്‌റ്റേഷനിൽ എത്തിയാണ് തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
17 വയസ്സുള്ള പെൺകുട്ടിയെ മറ്റൊരു സമുദായത്തിൽ പെട്ട 13 വയസ്സുള്ള ആൺകുട്ടി ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. വിഷയം ചർച്ച ചെയ്യാനാണ് ഇവർ സ്റ്റേഷനിൽ എത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇവരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടാവുകയായിരുന്നു.
"ഒരു സംഘടനയിലെ ചില അംഗങ്ങൾ കേസ് അന്വേഷണ ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ പൊലീസ് സ്റ്റേഷനിൽ വന്നിരുന്നു. തുടർന്ന് സംഘടനയിലെ ഏതാനും അംഗങ്ങൾ ചില പൊലീസുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. സംഭവത്തിൽ കേസെടുത്തു. നിയമനടപടികൾ നടന്നുവരുന്നു" -ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെയുള്ള ചില പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റതായി വി.എച്ച്.പി മീഡിയ ഇൻ ചാർജ് രാഹുൽ ദുബെ അവകാശപ്പെട്ടു.
ഞങ്ങളുടെ നോയിഡ യൂനിറ്റ് കൺവീനറെ അറസ്റ്റ് ചെയ്തു. മറ്റ് നിരവധി പ്രവർത്തകരെ കുറച്ചുകാലം പൊലീസ് കസ്റ്റഡിയിൽ പാർപ്പിച്ചു. കൺവീനറെ ജാമ്യത്തിൽ വിട്ടയക്കുകയും മറ്റുള്ളവരെ വൈകുന്നേരത്തോടെ മോചിപ്പിക്കുകയും ചെയ്തു "-ദുബെ പി.ടി.ഐയോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.