'രാത്രി ഏഴരക്ക് എന്തിനാണ് പുറത്തിറങ്ങിയത്'; ലൈംഗികാതിക്രമത്തിനിരയായ പെൺകുട്ടിയോട് യു.പി പൊലീസ്
text_fieldsലഖ്നോ: ലൈംഗികാതിക്രമത്തിനിരയായെന്ന പരാതിയുമായെത്തിയ യുവതിയോട് മോശമായി പെരുമാറി യു.പി പൊലീസ്. നോയിഡയിലെ സെക്ടർ 48ലെ യുവതിക്കാണ് മോശം അനുഭവമുണ്ടായത്. വിഡിയോ ഷൂട്ട് ചെയ്യാനായി വീടിന് സമീപത്തെ പാർക്കിലെത്തിയപ്പോൾ ഒരാൾ വന്ന് യുവതിയെ കയറിപ്പിടിക്കുകയും വസ്ത്രങ്ങൾ അഴിക്കാൻ ശ്രമിക്കുകയുമായിരുന്നു.
പാർക്കിന് സമീപത്ത് കൂടി നടന്നുപോവുകയായിരുന്ന മറ്റ് രണ്ട് സ്ത്രീകളെത്തിയാണ് യുവതിയെ അതിക്രമത്തിൽ നിന്നും രക്ഷിച്ചത്. ഇതിന് പിന്നാലെ യുവതി ഇതുസംബന്ധിച്ച് പരാതി നൽകാനായി സെക്ടർ 49ലെ പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ, രാത്രി ഏഴരക്ക് എന്തിനാണ് പുറത്തേക്ക് പോയതെന്ന് ചോദിച്ച പൊലീസ് കേസെടുക്കാൻ വിസമ്മതിക്കുകയും ചെയ്തു.
തുടർന്ന് സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാൻ യുവതി ശ്രമിച്ചെങ്കിലും പ്രദേശത്തെ പല കാമറകളും പ്രവർത്തനരഹിതമായിരുന്നു. നീതി ലഭിക്കില്ലെന്ന് തോന്നിയതോടെ മുഴുവൻ സംഭവങ്ങളും വിവരിച്ച് യുവതി വിഡിയോ പുറത്തിറക്കുകയായിരുന്നു.
യുവതിയുടെ വിഡിയോ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്ന് നോയിഡ പൊലീസിനെതിരെ വൻ വിമർശനം ഉയരുകയും ചെയ്തു. ഇതിന് പിന്നാലെ നോയിഡ് പൊലീസ് ലൈംഗികാതിക്രമത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.